LiveTV

Live

Kerala

തൃശൂര്‍ പൂരത്തിന് ആനകളെ വിട്ട് നല്‍കുന്ന കാര്യത്തില്‍ തീരുമാനം നാളെ

മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നും ഇന്നത്തെ സാഹചര്യം പരിഗണിച്ചാല്‍ പൂരം പ്രതിസന്ധിയില്ലാതെ നടക്കുമെന്നും ആനയുടമകള്‍ വ്യക്തമാക്കി.

തൃശൂര്‍ പൂരത്തിന് ആനകളെ വിട്ട് നല്‍കുന്ന കാര്യത്തില്‍  തീരുമാനം നാളെ

തൃശൂര്‍ പൂരത്തിന്‍റെ എഴുന്നള്ളിപ്പിന് ആനകളെ വിട്ട് നല്‍കുന്ന കാര്യത്തില്‍ നാളെ അന്തിമ തീരുമാനം. മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നും ഇന്നത്തെ സാഹചര്യം പരിഗണിച്ചാല്‍ പൂരം പ്രതിസന്ധിയില്ലാതെ നടക്കുമെന്നും ആനയുടമകള്‍ വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന്‍റെ ഭാഗമാക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനും സര്‍ക്കാര്‍ തീരുമാനിച്ചു.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വിലക്കേല്‍പ്പെടുത്തിയതില്‍ കടുത്ത പ്രതിഷേധമാണ് ആനയുടമകളുടെ ഭാഗത്ത് നിന്നുണ്ടായത്. മറ്റന്നാള്‍ മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ഒരാനയെ പോലും വിട്ട് നല്‍കില്ലെന്നായിരുന്നു ആനയുടമകളുടെ നിലപാട്. പൂരം നടത്തിപ്പും പ്രതിസന്ധിയിലായതോടെയാണ് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ആനയുടമകളുമായി ചര്‍ച്ച നടത്തിയത്.

സര്‍ക്കാരിന്‍റെ ഇടപെടലുകള്‍ മൂലം ആനയുടമകള്‍ നേരിടുന്ന പ്രതിസന്ധി മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ചര്‍ച്ച ചെയ്യും. പൂരം പ്രതിസന്ധിയില്ലാതെ നടക്കുമെന്നും തെച്ചിക്കോട്ടിന്‍രെ കാര്യത്തില്‍ നിയമോപദേശം തേടി അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ പറ‍ഞ്ഞു.

വനംമന്ത്രിയാണ് പ്രശ്നങ്ങള്‍ ഇത്രയും വഷളാക്കിയതെന്ന നിലപാട് ഗണേഷ് കുമാര്‍ ആവര്‍ത്തിച്ചു. തെച്ചിക്കോട്ട് രാമചന്ദ്രന് കാഴ്ചയില്ലെന്ന് പറയുന്നത് തെറ്റാണ്. ആനകളെ ഉപയോഗിച്ച് ലക്ഷങ്ങള്‍ ലാഭം കൊയ്യുന്നു എന്ന് മന്ത്രി പറയുന്നത് കാര്യങ്ങള്‍ അറിയാതെയാണെന്ന് ഗണേഷ് കുറ്റപ്പെടുത്തി.