LiveTV

Live

Kerala

മുഖ്യമന്ത്രി നെതര്‍ലാന്റില്‍; ഐ.ടി കൂട്ടായ്മകളുമായി ഇന്ന് ചര്‍ച്ച നടത്തും

പ്രളയദുരന്തം നേരിടുന്നതിന് നെതര്‍ലാന്‍ഡ്‌സ് നടപ്പാക്കിയ ‘റൂം ഫോര്‍ റിവര്‍’ പദ്ധതി പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കും

മുഖ്യമന്ത്രി നെതര്‍ലാന്റില്‍; ഐ.ടി കൂട്ടായ്മകളുമായി ഇന്ന് ചര്‍ച്ച നടത്തും

ഔദ്യോഗിക സന്ദര്‍ശനത്തിനായി നെതര്‍ലാന്‍റിസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം. അംബാസിഡര്‍ വേണുരാജാമണിയും മലയാളി അസോസിയേഷന്‍ പ്രതിനിധികളും ചേര്‍ന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. നെതര്‍ലാന്‍സിലെ ഐ.ടി കൂട്ടായ്മയുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.

13 ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചത്. ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. മെയ് 13-ന് നടക്കുന്ന പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികരില്‍ ഒരാളാണ് കേരള മുഖ്യമന്ത്രി.

കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങള്‍ ഈ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കുവെയ്ക്കും. നെതര്‍ലാന്‍റസിലെ ഐ.ടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒവിന്റെ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പ്രളയദുരന്തം നേരിടുന്നതിന് നെതര്‍ലാന്‍ഡ്‌സ് നടപ്പാക്കിയ ‘റൂം ഫോര്‍ റിവര്‍’ പദ്ധതി പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.

നാളെ നെതര്‍ലാന്‍റസിലെ ജലവിഭവ - അടിസ്ഥാന സൗകര്യ വികസനമന്ത്രി കോറ വാനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. മെയ് 17-ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മുഖ്യമന്ത്രി പങ്കെടുക്കും. 20 നാണ് മുഖ്യമന്ത്രി തിരിച്ചെത്തുന്നത്. ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.