LiveTV

Live

Kerala

ചൂർണിക്കര വ്യാജരേഖ കേസ്; അബുവിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി

ചൂർണിക്കര വില്ലേജ് ഓഫീസിലും പൊലീസ് പരിശോധന നടത്തി. 

 ചൂർണിക്കര വ്യാജരേഖ കേസ്; അബുവിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി

ചൂർണിക്കര വ്യാജരേഖ കേസിലെ ഇടനിലക്കാരൻ അബുവിനായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. ഇന്നലെ അബുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ റവന്യൂ രേഖകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ചൂർണിക്കര വില്ലേജ് ഓഫീസിലും പൊലീസ് പരിശോധന നടത്തി. എന്നാൽ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട തെളിവൊന്നും ലഭിച്ചില്ലെന്നാണ് സൂചന.

ചൂർണിക്കര വ്യാജരേഖ കേസിലെ ഇടനിലക്കാരൻ അബുവിന്റെ കാലടിയിലെ വീട്ടിലായിരുന്നു ആദ്യം പൊലീസ് റെയ്ഡ് നടത്തിയത്. പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുൻനിർത്തിയായിരുന്നു റെയ്ഡ്. എന്നാൽ പാസ്പോർട്ട് കണ്ടത്താനായില്ല. ചില റവന്യൂ രേഖകൾ ലഭിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചില്ലെന്നാണ് സൂചന. വീട്ടിൽ നിന്നും നിരവധി റവന്യൂ അപേക്ഷകൾ കണ്ടെത്തിയിട്ടുണ്ട്.

ചൂർണിക്കര വില്ലേജ് ഓഫീസിലും പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസിൽ നിന്നും ചില രേഖകൾ ശേഖരിച്ചെങ്കിലും കേസുമായി ബന്ധപ്പെടുത്താൻ കഴിയുന്നവ ലഭിച്ചില്ലെന്നാണ് സൂചന. ഭൂവുടമ ഹംസ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുഖ്യ ഇടനിലക്കാരൻ അബുവാണെന്ന് വ്യക്തമായത്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഇടനിലക്കാരനായി പ്രവർത്തിക്കുന്നയാളാണ് അബുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വില്ലേജ് ഓഫീസിലും പരിശോധന നടത്തിയത്.

ഉദ്യോഗസ്ഥതലം മുതല്‍ താഴെത്തട്ടിലെ ഇടനിലക്കാര്‍ വരെയുളളവര്‍ വ്യാജരേഖയുണ്ടാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുളള തെളിവുകള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. ഒളിവില്‍ കഴിയുന്ന അബുവിനെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമാണ് വ്യാജരേഖ ചമച്ചതിന് പിന്നിലെ കണ്ണികള്‍ ആരെല്ലാമാണെന്നതിന് കൂടുതല്‍ വ്യക്തതവരികയുളളൂ. ഇതിലെ കണ്ണികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുളള ശ്രമമാണ് പൊലീസ് നടത്തുന്നത്.