LiveTV

Live

Kerala

മൂല്യ നിര്‍ണയം നടത്താതെ അധ്യാപകര്‍; ബി.എ പരീക്ഷാ ഫലം തടഞ്ഞ് വെച്ച് കാലിക്കറ്റ് സര്‍വകലാശാല

മൂല്യനിര്‍ണയം പൂര്‍ത്തിയാവാതിരുന്നത് കാരണം 740 വിദ്യാര്‍ഥികളുടെ ഫലമാണ് തടഞ്ഞുവെച്ചത്

മൂല്യ നിര്‍ണയം നടത്താതെ അധ്യാപകര്‍; ബി.എ പരീക്ഷാ ഫലം തടഞ്ഞ് വെച്ച് കാലിക്കറ്റ് സര്‍വകലാശാല

അധ്യാപകര്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാത്തതിനാല്‍ ബിരുദ വിദ്യാര്‍ഥികളുടെ പരീക്ഷ ഫലം ഭാഗികമായി തടഞ്ഞുവെച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ബി.എ രണ്ടാം സെമസ്റ്റര്‍ ‍ വിദ്യാര്‍ഥികളുടെ പരീക്ഷ ഫലമാണ് തടഞ്ഞുവെച്ചത്.

തൃശ്ശൂര്‍ ശ്രീ കേരള വര്‍മ കോളേജിലെ ദീപ നിശാന്ത് അടക്കമുള്ള ആറ് അധ്യാപകര്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താതെ തിരിച്ചേല്‍പ്പിച്ചതാണ് പരീക്ഷ ഫലം തടസ്സപ്പെടുന്നതിന് കാരണം. എന്നാല്‍ മൂല്യനിര്‍ണയം ബഹിഷ്കരിച്ച അധ്യാപകര്‍ക്കെതിരെ നടപടി എടുക്കാന്‍ ഇതുവരെ സര്‍വകാലാശാല തയ്യാറായിട്ടില്ല.

ബി.എ സെക്കണ്ട് ലാംഗ്വേജ് മലയാളം വിഷയത്തിന്‍റെ മൂല്യനിര്‍ണയം പൂര്‍ത്തിയാവാതെയാണ് ബുധനാഴ്ച വൈകീട്ട് കാലിക്കറ്റ് സര്‍വ്വകലാശാല ഫലം പുറത്ത് വിട്ടത്. മൂല്യനിർണയം പൂർത്തിയാവാത്ത വിദ്യാർഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ മലയാളത്തിന്‍റെ മാര്‍ക്ക് ചേര്‍ത്തിട്ടില്ല. മൂല്യനിര്‍ണയം പൂര്‍ത്തിയാവാതിരുന്നത് കാരണം 740 വിദ്യാര്‍ഥികളുടെ ഫലമാണ് തടഞ്ഞുവെച്ചത്.

തൃശൂര്‍ കേരള വര്‍മ കോളേജിലെ ദീപ നിശാന്ത് അടക്കമുള്ള 6 അധ്യാപകർ മൂല്യനിര്‍ണയത്തിന് നല്‍കിയ ഉത്തരക്കടലാസുകളില്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ടവയില്‍ മാത്രം മാര്‍ക്ക് രേഖപ്പെടുത്തി ബാക്കി തിരിച്ച് നല്‍കിയതാണ് പ്രശ്നത്തിനിടയാക്കിയത്. ഈ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി പരീക്ഷ കണ്‍ട്രോളര്‍ ഇന്‍ചാര്‍ജ് മീഡിയവണിനോട് പറഞ്ഞു.

മൂല്യ നിര്‍ണയം ബഹിഷ്കരിച്ച അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശയും സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഗുരുതരമായ കൃത്യവിലോപം കാണിച്ചിട്ടും ഇടത് അനുകൂല അധ്യാപക സംഘടനാ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍വ്വകലാശാല തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.