LiveTV

Live

Kerala

പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്; വിജിലന്‍സ് സംഘം അഞ്ച് ഫയലുകള്‍ പിടിച്ചെടുത്തു

പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യക്തമായ പഠനങ്ങളോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്ന് മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്.

പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്; വിജിലന്‍സ് സംഘം അഞ്ച് ഫയലുകള്‍ പിടിച്ചെടുത്തു

പാലാരിവട്ടം മേല്‍പാലത്തിലെ ക്രമക്കേട് കേസില്‍ വിജിലന്‍സ് സംഘം അഞ്ച് ഫയലുകള്‍ പിടിച്ചെടുത്തു. മൊഴി എടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി. അതേ സമയം പാലത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യക്തമായ പഠനങ്ങളോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്ന് മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് മീഡിയവണിനോട് പറഞ്ഞു.

റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്കോ എന്നീ സ്ഥാപനങ്ങളിലെ ഉദ്യഗസ്ഥരുടെ പട്ടികയാണ് അന്വഷണ സംഘം തയ്യാറാക്കിയത്. ഇതിൽ നാല് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. മേല്‍പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെയാണ് വിജിലൻസ് എറണാകുളം സ്പെഷ്യൽ യൂണിറ്റിലെ എട്ടംഗ സംഘം അന്വേഷണമാരംഭിച്ചത്. അതേ സമയം മേൽപ്പാല നിർമ്മാണത്തിൽ കൃത്യമായ പഠനമോ വിദഗദ്ധരുടെ അഭിപ്രായമോ തേടിയിരുന്നില്ലെന്നും ഉദ്യോഗസ്ഥ തലത്തിൽ നടന്ന കെടുകാര്യസ്ഥതയാണ് പാലത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നും മുൻ പൊതുമരാമത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. സർക്കാർ വിഷയത്തിൽ എടുത്തിരിക്കുന്ന നിലപാട് നൂറ് ശതമാനം ശരിയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ ഇബ്രാഹിം കുഞ്ഞ് എം.എൽ.എയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നും എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ടും എ.ഐ.വൈ.എഫ് പ്രവർത്തകർ മാർച്ച് നടത്തി.