LiveTV

Live

Kerala

യു.എന്‍.എയുടെ സാമ്പത്തിക തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം 

മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന ആരോണത്തില്‍ സൂക്ഷ്മമായ പരിശോധന വേണമെന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

യു.എന്‍.എയുടെ സാമ്പത്തിക തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം 

യുനൈറ്റഡ് നഴ്സിങ് അസോസിയേഷനിനെതിരായ സാമ്പത്തിക തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണം. മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന ആരോണത്തില്‍ സൂക്ഷ്മമായ പരിശോധന വേണമെന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സൂപ്രണ്ടിനാണ് അന്വേഷണ ചുമതല.

നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ മൂന്നരക്കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാരോപിച്ച് മുന്‍ ഭാരവാഹി സിബി മുകേഷ് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് തൃശൂര്‍ യൂനിറ്റാണ് പ്രാഥമിക അന്വേഷണം നടത്തിയത്. സംഘടനയുടെ വാര്‍ഷിക കണക്കുകള്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍, വൌച്ചറുകള്‍ തുടങ്ങി നിരവധി രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു. സംസ്ഥാന സെക്രട്ടറിയുടെയും ട്രഷറുടെയും മൊഴിയെടുക്കുകയും വിവിധ ജില്ല ട്രഷറര്‍മാരുടെ പരാതികള്‍ സ്വീകരിക്കുകയും ചെയ്തു.

അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞ കാര്യങ്ങളും രേഖകളും തമ്മില്‍ ഒത്തുപോകുന്നുണ്ടെങ്കിലും രേഖകളുടെ സൂക്ഷ്മമായ പരിശോധന വേണമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമെത്തിയത്. ഇതിനായി വരവു ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് നല്‍കാന്‍ രജിസ്റ്റര്‍ ഓഫ് സൊസൈറ്റിയെ ഏല്‍പിച്ചു.

അസോസിയേഷന്‍ സമര്‍പ്പിച്ച മിനിറ്റ്സ് വ്യാജമാണെന്ന് പരാതിക്കാരും ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സൂപ്രണ്ടിന്‍റെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. അന്വേഷണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് യു.എന്‍.എ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലെ വിധി കൂടി പരിഗണിച്ചായിരിക്കും തുടരന്വേഷണം നടക്കുക.