LiveTV

Live

Kerala

മലബാറിൽ ഇത്തവണയും പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം

ഈ മേഖലയില്‍ ഉപരി പഠനത്തിന് യോഗ്യത നേടിയത് ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി നൂറ്റി മുപ്പത്തി രണ്ട് വിദ്യാര്‍ഥികളാണ്. 

 മലബാറിൽ ഇത്തവണയും പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം

മലബാറില്‍ ഇത്തവണയും ആവശ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ ഇല്ല. മലപ്പുറം,കണ്ണൂര്‍,കോഴിക്കോട്,പാലക്കാട് ജില്ലകളിലായി മാത്രം കുറവുളളത് അന്‍പത്തിരാണ്ടായിരത്തി അറുന്നൂറ്റി അറുപത്തിരണ്ട് സീറ്റുകളാണ്. മലപ്പുറത്താണ് സീറ്റ് ക്ഷാമം ഏറ്റവും രൂക്ഷം.

196132 വിദ്യാര്‍ഥികളാണ് മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നായി ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരി പഠനത്തിന് യോഗ്യത നേടിയത്.എന്നാല്‍ ഈ നാല് ജില്ലകളില്‍ ആകെയുളള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 143470 ആണ്.52662 സീറ്റുകളുടെ കുറവ്.സീറ്റുകള്‍ ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ ഇത്തവണ 78335 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ആകെയുളളതാവട്ടെ 52775 സീറ്റുകളും. 25560 വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പഠനത്തിന് സ്വകാര്യ സ്കൂളുകളെ ആശ്രയിക്കണ്ടി വരുമെന്നര്‍ത്ഥം. പാലക്കാട് 11609 സീറ്റുകളുടെയും കോഴിക്കോട് 9552 സീറ്റുകളുടെയും കണ്ണൂരില്‍ 5941 സീറ്റുകളുടെയും കുറവാണ് നിലവിലുളളത്.

എന്നാല്‍ പത്തനംതിട്ട.കോട്ടയം,എറണാകുളം ആലപ്പുഴ ജില്ലകളിലായി 6900 ഓളം സീറ്റുകളാണ് ഇത്തവണ അധികമായുളളത്. മലബാറിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഇരുപത് ശതമാനം ആനുപാതിക സീറ്റ് വര്‍ദ്ധനവ് അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാല്‍ ഇത്തവണ അതിനുളള സാധ്യതയുമില്ല.