LiveTV

Live

Kerala

തൃശൂര്‍ പൂരത്തിന് ആനകളെ ഇറക്കില്ലെന്ന് ആനയുടമകള്‍

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

തൃശൂര്‍ പൂരത്തിന് ആനകളെ ഇറക്കില്ലെന്ന് ആനയുടമകള്‍

തൃശൂര്‍ പൂരത്തിന് ഉള്‍പ്പെടെ ഇനി ഉല്‍സവങ്ങള്‍ക്കും പൊതു ചടങ്ങുകള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്ന് കേരള എലഫെന്‍റ് ഓണേഴ്സ് ഫെഡറേഷന്‍. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആനകള്‍ക്കും ആന ഉടമകള്‍ക്കുമെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സംഘടന ആരോപിച്ചു.

തൃശൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു എലഫന്റ് ഓണേഴ്സ് ഫെഡറേഷന്റെ പ്രഖ്യാപനം. ആനകളെ പരിശോധിച്ച് ഫിറ്റ്നസ് നല്‍കുന്ന ഡോക്ടര്‍മാര്‍ക്ക് കൂച്ചുവിലങ്ങിടുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെന്നും വനം മന്ത്രിയെ ഇവര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംഘടന നേതാക്കള്‍ പറഞ്ഞു.

സംഘടനയുടെ പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി വി.എസ് സുനില്‍കുമാര്‍ ദേവസ്വം ഭാരവാഹികളുടെ യോഗം വിളിച്ചു. സംഘടനാ നേതാക്കളോട് സംസാരിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാന്‍ ദേവസ്വം ഭാരവാഹികളോട് മന്ത്രി അഭ്യര്‍ത്ഥിച്ചു.

നാളെ വനം മന്ത്രി ആന ഉടമ സംഘം നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും. നിലപാടില്‍ സംഘടന ഉറച്ച് നിന്നാല്‍ തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് ഒരു ദിവസത്തേക്കെങ്കിലും നീക്കണമെന്ന ഹരജി ഹൈക്കോടതിയില്‍ ഈ മാസം 10ന് പരിഗണിക്കും.

2007 മുതല്‍ ഏഴ് പേരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആന കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്നു. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്പില്‍ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കണമെന്ന് പറഞ്ഞാണ് തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയത്.

അപകടകാരികളായ ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നള്ളിക്കുന്നത് ദുരന്തമുണ്ടാക്കുമെന്ന് വനംമന്ത്രി കെ. രാജുവും വ്യക്തമാക്കിയിരുന്നു. അസുഖവും പരിക്കുമുള്ള ആനകളെ ഉല്‍സവങ്ങള്‍ക്ക് അണിനിരത്തരുതെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ‍ എന്ന ആനയ്ക്ക് രേഖകൾ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ...

Posted by Forest Minister Kerala on Tuesday, May 7, 2019