LiveTV

Live

Kerala

പ്രൊഫ. എന്‍.ആര്‍ മാധവ മേനോന്‍ അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രൊഫ. എന്‍.ആര്‍ മാധവ മേനോന്‍ അന്തരിച്ചു

ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഡോക്ടര്‍ എന്‍. ആര്‍ മാധവമേനോന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.രാഷ്ട്രപതി അടക്കമുള്ളവര്‍ മാധവ മേനോന്റെ മരണത്തില്‍ അനുശോചിച്ചു.

അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 27നായിരുന്നു മാധവമേനോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. രാജ്യത്തെ തന്നെ നിയമവിദ്യാഭ്യാസത്തിന്റെ പിതാവ് എന്നാണ് മാധവമോന്‍ അറിയപ്പെടുന്നത്. തിരുവനന്തപുരം വഞ്ചിയൂർ മാധവത്ത് വിലാസം തോപ്പിൽ വീട്ടിൽ രാമകൃഷ്ണ മേനോന്റെയും ഭവാനിയമ്മയുടെയും മകനായി ജനനം. തിരുവനന്തപുരം ലോ കോളജിൽ നിന്നും ബിരുദം നേടിയ ശേഷം അലിഗഡ് മുസ്‍ലിം സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ നിയമത്തിൽ ബിരുദാനന്തര ബിരുദവും തുടർന്നു ഗവേഷണവും പൂർത്തീകരിച്ചു.ഡൽഹി സർവകലാശാലയിലും പോണ്ടിച്ചേരി ലോ കോളജിലും അധ്യാപകനായി പ്രവർത്തിച്ചു.

ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറായ മാധവ മേനോൻ കൊൽക്കത്തയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിന്റെ വൈസ് ചാൻസലറായും ഭോപ്പാലിലെ നാഷനൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടറായും പ്രവർത്തിച്ചു. 1998 മുതല്‍ 2003 വരെ നാഷ്ണല്‍ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സിന്റെ സ്ഥാപകവൈസ് ചാന്‍സിലറായി സേവനമനുഷ്ഠിച്ചു. നിയവുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പഞ്ചവത്സര എല്‍ എല്‍ ബി കോഴ്സെന്ന ആശയം മുന്നോട്ട് വെച്ചത് മാധവമേനോനായിരുന്നു. നിയമരംഗത്തിനു നൽകിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2003- ൽ മാധവമേനോനെ പത്മശ്രീ നൽകി ആദരിച്ചു.