LiveTV

Live

Kerala

പാലാരിവട്ടം മേൽപാലം അഴിമതി: വിജിലന്‍സ് അന്വേഷണം തുടങ്ങി

റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കിറ്റ്കോ എന്നീ സ്ഥാപനങ്ങൾ അന്വേഷണ പരിധിയിലുണ്ട്

പാലാരിവട്ടം മേൽപാലം അഴിമതി: വിജിലന്‍സ് അന്വേഷണം തുടങ്ങി

പാലാരിവട്ടം മേൽപാലം അഴിമതിയില്‍ വിജിലൻസ് എറണാകുളം യൂണിറ്റ് അന്വേഷണം ആരംഭിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പാലം തകര്‍ന്നത് ഗൌരവമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.

വിജിലൻസ് എറണാകുളം സ്പെഷ്യൽ യൂണിറ്റിലെ എട്ട് അംഗ സംഘമാണ് പാലത്തിൽ പരിശോധന നടത്തിയത്. ബലക്ഷയം കണ്ടെത്തിയ ഗർഡറുകളുടെയും തൂണുകളുടെയും സമീപം സംഘം പരിശോധന നടത്തി. പാലത്തിന്‍റെ എക്സ്പാൻഷൻ ജോയിന്‍ററുകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിംഗുകളുടെയും നിർമ്മാണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് പാലത്തെ ബലക്ഷയത്തിലേക്ക് നയിച്ചത്.

ഗതാഗതത്തിന് തുറന്ന് കൊടുത്ത് മൂന്ന് വർഷം തികയും മുമ്പ് അറ്റകുറ്റ പണിക്കായി അടച്ചിടേണ്ടി വന്ന പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചകളുണ്ടെന്ന് വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. രൂപകൽപനയിലും നിർമാണത്തിലും അപാകതകളുള്ള പാലത്തിന്റെ ഗർഡറുകളിലും തൂണുകളിലും വിള്ളലുകളുണ്ടെന്നാണ് പാലം പരിശോധിച്ച ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ. വൻകിട കരാറുകൾ ഏറ്റെടുത്ത് നടപ്പാക്കുന്ന കിറ്റ്കോയ്ക്കായിരുന്നു 52 കോടി ചെലവിട്ട പാലത്തിന്‍റെ നിര്‍മാണ ചുമതല.