LiveTV

Live

Kerala

ചൂര്‍ണ്ണിക്കരയില്‍ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയ കേസ്: അന്വേഷണ സംഘത്തെ തീരുമാനിച്ചു

അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ചൂര്‍ണ്ണിക്കരയില്‍ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയ കേസ്: അന്വേഷണ സംഘത്തെ തീരുമാനിച്ചു

ചൂര്‍ണ്ണിക്കരയില്‍ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയ കേസ് ഗൌരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ കേസ് അന്വേഷിക്കുന്ന സംഘത്തെ തീരുമാനിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിറക്കി.

എറണാകുളം ചൂര്‍ണിക്കരയില്‍ നിലം നികത്താന്‍ ലാന്‍ഡ് റവന്യു കമ്മീഷണറുടെ വ്യാജ ഉത്തരവുണ്ടാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷത്തിന് മുഖ്യമന്ത്രി ഇന്നലെ ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. എറണാകുളം സെന്‍ട്രല്‍ എസ് പി കാര്‍ത്തികാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

ചൂര്‍ണിക്കരയില്‍ മാത്രമല്ല സംസ്ഥാന വ്യാപകമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായേക്കാമെന്നാണ് പ്രാഥമിക നിഗമനത്തിലാണ് വിജിലന്‍സുള്ളത്. വ്യാജരേഖ ചമച്ച ഇടനിലക്കാരന് പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടോയെന്ന സംശയം റവന്യു വകുപ്പിനുമുണ്ട്. അതുകൊണ്ട് തന്നെ നിലം നികത്തല്‍ സാധൂകരിച്ച് നേരത്തെ ഇറക്കിയ ഉത്തരവുകള്‍ അടക്കം പരിശോധിക്കാനുള്ള നീക്കവും വിജിലന്‍സ് നടത്തുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് വരെയുള്ള ഫയലുകള്‍ വിജിലന്‍സ് പരിശോധിക്കും. റവന്യു ഭാഷയില്‍ തയ്യാറാക്കിയ ഉത്തരവാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. അതുകൊണ്ട് തട്ടിപ്പിന് റവന്യു ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ സംഘം വിശദമായി പരിശോധിക്കും.