LiveTV

Live

Kerala

ശാന്തിവനത്തിലെ വൈദ്യുതി ടവര്‍ നിര്‍മാണം കെ.എസ്.ഇ.ബി പുനരാരംഭിച്ചു

ജില്ലാകലക്ടര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പ്രകാരമാണ് പണി ആരംഭിച്ചത്.

ശാന്തിവനത്തിലെ വൈദ്യുതി ടവര്‍ നിര്‍മാണം കെ.എസ്.ഇ.ബി പുനരാരംഭിച്ചു

എറണാകുളം ശാന്തിവനത്തിലെ വൈദ്യുതി ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങങ്ങള്‍ കെ.എസ്.ഇ.ബി പുനരാരംഭിച്ചു. ജില്ലാകലക്ടര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പ്രകാരമാണ് പണി ആരംഭിച്ചത്. അതേസമയം നിര്‍മാണ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ശാന്തിവനം സംരക്ഷണ സമിതി രംഗത്തെത്തി. ശാന്തിവനത്തില്‍ കൂടി തന്നെ വൈദ്യുതി ലൈന്‍ വലിക്കണമെന്ന ധാര്‍ഷ്ട്യമാണ് കെഎസ്ഇബിക്കുള്ളതെന്ന് സ്ഥലം എം.എല്‍.എ വി.ഡി സതീശന്‍ പറഞ്ഞു.

ശാന്തിവനത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ മുന്നോട്ട് വെച്ച ശിപാര്‍ശകള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് രാവിലെ മുതല്‍ കെ.എസ്.ഇ.ബി പണി പുനരാരംഭിച്ചത്. പൊലീസ് കാവലില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെ ശാന്തിവനത്തിലേക്ക് എത്തിയ സംരക്ഷണ സമിതി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. വൈദ്യുതി വകുപ്പ് മന്ത്രിയുടെ തീരുമാനം അതേപടി അംഗീകരിക്കുകയാണ് കലക്ടര്‍ ചെയ്തതെന്നും ഉചിതമായ തീരുമാനം എടുക്കാന്‍ കലക്ടര്‍ക്ക് ആയില്ലെന്നും വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു.

പുതിയ പ്ലാന്‍ അനുസരിച്ച് ശാന്തിവനത്തിലെ ടവറിന്റെ ഉയരം 3 മീറ്റര്‍ കൂടി വര്‍ധിപ്പിക്കുമെന്നും ഇതോടെ 48 മരങ്ങള്‍ മുറിച്ച് മാറ്റേണ്ടിടത്ത് ഇനി മൂന്ന് മരങ്ങള്‍ മാത്രം മുറിച്ച് മാറ്റിയാല്‍ മതിയെന്നുമാണ് കെ.എസ്.ഇ.ബിയുടെ വാദം. മന്നം മുതല്‍ ചെറായി വരെയാണ് കെ.എസ്.ഇ.ബിയുടെ 110 കെ.ബി വൈദ്യുതി ലൈന്‍ പണികള്‍ നടക്കുന്നത്.