LiveTV

Live

Kerala

പൊലീസിലെ കള്ളവോട്ട്; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ

ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ച ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്യുക

പൊലീസിലെ കള്ളവോട്ട്; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ

പൊലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ഡി.ജി.പിയുടെ ശിപാര്‍ശ. ഇന്റലിജന്‍സ് മേധാവിയുടെ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യും. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ഡി.ജി.പി ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും.

പൊലീസ് പോസ്റ്റൽ ബാലറ്റ് വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി. സി പ്രതിനിധി സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. സംസ്ഥാന വ്യാപകമായി പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിച്ച് വോട്ടുകളില്‍ തിരിമറി നടത്താന്‍ ശ്രമിച്ച സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള തീരുമാനം. പൊലീസുകാരുടെ വോട്ടുകള്‍ ശേഖരിക്കാന്‍ ഇടപെടലുകളുണ്ടായെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസമാണ് ഇന്റലിജന്‍സ് മേധാവി ഡി.ജി.പിക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസുകാരുടെ പോസ്റ്റല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ച് പൊലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കള്ളവോട്ട് ചെയ്തെന്നായിരുന്നു ആരോപണം.

ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനുള്ള തീരുമാനം. ജില്ലകള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണവും നടത്തും. സംഭവത്തില്‍ തിരുവനന്തപുരം വട്ടപ്പാറ പോസ്റ്റോഫീസില്‍ പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ വന്നതില്‍ ഒരു പൊലീസുകാരനെയും പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നതിന് വാട് സാപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ച മറ്റൊരു പൊലീസുകാരനെയും സസ്പെന്‍ഡ് ചെയ്യാനും തീരുമാനമുണ്ട്. ഡി.ജി.പിയുടെ ശിപാര്‍ശകളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് തുടര്‍ നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.