LiveTV

Live

Kerala

നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പരിശോധിക്കാന്‍ കെ.പി.സി.സി തലത്തില്‍ ആലോചന

നേതാക്കന്‍മാരുടെ സ്വന്തം ബൂത്തിലെ വോട്ടിങ് നില ഫലപ്രഖ്യാപനത്തിന് ശേഷം പരിശോധിക്കണമെന്ന നിലപാട് കെ.പി.സി.സി അധ്യക്ഷന്‍ ഹൈക്കമാന്റിന് മുന്നില്‍ വെച്ചു. 

നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പരിശോധിക്കാന്‍ കെ.പി.സി.സി തലത്തില്‍ ആലോചന

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ തെരഞ്ഞെടുപ്പ് കാലത്തെ പ്രവര്‍ത്തനം വിലയിരുത്താന്‍ കെ.പി.സി.സി തലത്തില്‍ ആലോചന.നേതാക്കന്‍മാരുടെ സ്വന്തം ബൂത്തിലെ വോട്ടിങ് നില ഫലപ്രഖ്യാപനത്തിന് ശേഷം പരിശോധിക്കണമെന്ന നിലപാട് കെ.പി.സി.സി അധ്യക്ഷന്‍ ഹൈക്കമാന്റിന് മുന്നില്‍ വെച്ചു. ഇക്കാര്യത്തില്‍ മുകുള്‍ വാസ്നിക് അടക്കമുള്ള നേതാക്കളും അനുകൂല നിലപാടിലാണെന്നാണ് വിവരം.

കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം വിലയിരുത്തും. ഫലപ്രഖ്യാപനത്തിന് ശേഷം ഇവരുടെ ബൂത്തുകളിലെ കഴിഞ്ഞ കാലത്ത് ലഭിച്ച വോട്ടുകളും ഇത്തവണത്തേതും തമ്മില്‍ താരതമ്യം ചെയ്യാനാണ് നീക്കം. തുടര്‍ന്ന് തയ്യാറാക്കുന്ന റിപ്പോര്‍‌ട്ട് കെ.പി.സി.സി ഹൈക്കമാന്റിന് സമര്‍പ്പിക്കും. കെ.പി.സി.സി പുനഃസംഘടനയിലടക്കം ഇത് മാനദണ്ഡമാക്കണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവരുടെ താല്‍പര്യം. ഇക്കാര്യം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികുമായി കെ.പി.സി.സി അധ്യക്ഷന്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്റെ ബൂത്ത് എന്റെ അഭിമാനം ക്യാമ്പയിനുമായി ചില നേതാക്കള്‍ വേണ്ടത്ര സഹകരിച്ചില്ലെന്നും കെ.പി.സി.സി നേതൃത്വത്തിന് അഭിപ്രായമുണ്ട്.

ഒപ്പം സ്വന്തം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്ന നേതാക്കള്‍ക്കെതിരെയും നടപടി വേണ്ടി വരുമെന്ന നിലപാടിലാണ് മുല്ലപ്പള്ളി. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലും നിര്‍‌ദ്ദേശങ്ങള്‍ അവതരിപ്പിക്കാനാണ് മുല്ലപ്പള്ളിയുടെ നീക്കമെന്നാണ് വിവരം. ഇതിനൊപ്പം പ്രചാരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ചില സ്ഥാനാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികളെയും ഫലപ്രഖ്യാപനത്തിന് ശേഷം ഗൌരവത്തോടെ പരിശോധിക്കണമെന്ന നിലപാടും നേതൃത്വത്തില്‍ ശക്തമാണ്.