LiveTV

Live

Kerala

പ്രളയാതിജീവനം പ്രമേയമായ ചിത്രം ലോകാരോഗ്യ സംഘടനയുടെ കലണ്ടറിൽ

ആലപ്പുഴ എടത്വായിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രം നടത്തിയ ഒരു സേവനം ലോകാരോഗ്യ സംഘടനയുടെ കലണ്ടറിലൂടെ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടുകയാണ്

പ്രളയാതിജീവനം പ്രമേയമായ ചിത്രം ലോകാരോഗ്യ സംഘടനയുടെ കലണ്ടറിൽ

ആലപ്പുഴ എടത്വായിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രം നടത്തിയ ഒരു സേവനം ലോകാരോഗ്യ സംഘടനയുടെ കലണ്ടറിലൂടെ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടുകയാണ്. പ്രളയകാലത്ത് പനിബാധിച്ച് അവശനിലയിലായ ആരുഷി എന്ന കുഞ്ഞിനെ ശുശ്രൂഷിക്കാൻ ഒറ്റപ്പെട്ട തുരുത്തിലെത്തിയ മെഡിക്കൽ സംഘത്തിന്റെ ചിത്രമാണ് കലണ്ടറിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടന കേരളത്തിൽ നിന്നും തെരഞ്ഞെടുത്ത ആദ്യ ചിത്രം കൂടിയാണ് എടത്വായിലെ മെഡിക്കൽ സംഘത്തിന്റേത്. മഹാ പ്രളയത്തിൽ അകപ്പെട്ട് പോയ കുട്ടനാട്ടിലെ എടത്വാ പഞ്ചായത്തിൽ നിന്നും ലോക ശ്രദ്ധയിലേക്കെത്തിയ ചിത്രം ഇതാണ്. പ്രളയം ദുരിതത്തിന്റെ നാളുകളിൽ എടത്വായിലെ തുരത്തിൽ ഒറ്റപ്പെട്ടുപോയപ്പോൾ കടുത്ത പനി ബാധിച്ച കുഞ്ഞുമായി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ആരുഷിയുടെ മാതാപിതാക്കൾ.

ഡോക്ടർ സിനി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വള്ളം തുഴഞ്ഞെത്തി കുഞ്ഞിനെ പരിശോധിക്കുന്ന ചിത്രം അവിചാരിതമായാണ് സംഘാംഗമായ ശ്രീജിൻ പകർത്തിയത്. പിന്നീട് ഈ സംഭവം മാധ്യമങ്ങൾ വാർത്തയാക്കിയതിലൂടെയാണ് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലെത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ ഏപ്രിലിൽ പുറത്തിറങ്ങിയ കലണ്ടറിലാണ് ചിത്രം ഇടം നേടിയത്. സംസ്ഥാനത്ത് നിന്നും ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത ആദ്യ ചിത്രമെന്ന നേട്ടമാണ് ഇതിലൂടെ കേരളത്തിന് ലഭ്യമായിരിക്കുന്നത്.