LiveTV

Live

Kerala

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയശതമാനം 98.11 

ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്. 37334 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു:  വിജയശതമാനം 98.11 

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ആണ് വിജയ ശതമാനം. പരീക്ഷ എഴുതിയവരില്‍ 4,26,513 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. എ പ്ലസ് നേടിയവരുടെ എണ്ണത്തിലും 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളുടെ എണ്ണത്തിലും ഇത്തവണ വര്‍ധനവുണ്ടായിട്ടുണ്ട്.

ആകെ പരീക്ഷയെഴുതിയ 4,34,729 പേരിൽ 4,26,513 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പ്രൈവറ്റായി 2200 പേരിൽ 1551 പേരാണ് യോഗ്യത നേടിയത്. ഈ മേഖലയിൽ 70.5 ശതമാനം വിജയമാണുണ്ടായത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 37334. കഴിഞ്ഞ തവണ ഇത് 34313 ആയിരുന്നു. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ റവന്യൂ ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറം. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതിയ റവന്യൂ ജില്ല പത്തനംതിട്ടയും വിദ്യാഭ്യാസ ജില്ല കുട്ടനാടുമാണ്.

99.33 ശതമാനം വിജയം നേടി പത്തനംതിട്ട ജില്ലയാണ് മുന്നിലെത്തിയത്. പിന്നിൽ വയനാട് ജില്ലയും. 93.22 ശതമാനം. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലയെന്ന സ്ഥാനം ഇക്കുറി കുട്ടനാടിനാണ്. ഏറ്റവും കുറവ് വയനാടും. പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽ 51290 പേർ പരീക്ഷയെഴുതിയവരിൽ 48425 യോഗ്യത നേടി. ഇവരിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 1171. ‌‌

സേ പരീക്ഷ 20 മുതല്‍ 25 വരെ നടക്കും. കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലും 2939 സെന്ററുകളിലായി 434729 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി. മൂല്യനിര്‍ണയം 14 പ്രവൃത്തി ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവെച്ചിട്ടില്ല.

വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ ഡയരക്ടറാണ് ഫലം പ്രഖ്യാപിച്ചത്. പി.ആര്‍.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും keralapareekshabhavan.in, sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലമറിയാം.