LiveTV

Live

Kerala

റിയാസ് അബൂബക്കറിന്‍റ നേതൃത്വത്തില്‍ കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നതായി എന്‍.ഐ.എ

ഇക്കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും ദേശീയ അന്വേഷണ ഏജന്‍സി കൊച്ചി എന്‍.ഐ.എ കോടതിയെ അറിയിച്ചു. 

റിയാസ് അബൂബക്കറിന്‍റ നേതൃത്വത്തില്‍ കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നതായി എന്‍.ഐ.എ

ഐ.എസ് കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറിന്‍റ നേതൃത്വത്തില്‍ കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നതായി എന്‍.ഐ.എ. ഐ.എസിന് വേണ്ടി ചാവേറാകാനും റിയാസ് തീരുമാനിച്ചിരുന്നുവെന്നും ദേശീയ അന്വേഷണ ഏജന്‍സി കൊച്ചി എന്‍.ഐ.എ കോടതിയെ അറിയിച്ചു. കേസില്‍ മൂന്ന് മലയാളികളെ കൂടി എന്‍.ഐ.എ പ്രതിചേര്‍ത്തു. ശ്രീലങ്കന്‍ സ്ഫോടനത്തില്‍ പങ്കുള്ളവര്‍ കേരളത്തിലെത്തിയെന്നതിന് ഔദ്യോഗിക വിവരങ്ങളില്ലെന്നും എന്‍.ഐ.എ അറിയിച്ചു.

ഐ.എസിന് വേണ്ടി കേരളത്തിൽ ചാവേറാക്രമണം നടത്താൻ തീരുമാനിച്ചതിൽ പ്രധാനിയാണ് റിയാസ് അബൂബക്കറെന്നാണ് എൻ.ഐ.എ കോടതിയെ അറിയിച്ചത്. കേരളത്തിലെ സ്ഫോടനം ആസൂത്രണം ചെയ്തത് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. അതുകൊണ്ടുതന്നെ കൂടുതൽ അന്വേഷണം നടത്തുന്നതിനായി റിയാസിനെ അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻ.ഐ.എ കോടതിയിൽ ആവശ്യപ്പെട്ടത്. ഈ ആവശ്യം കൊച്ചി എന്‍.ഐ.എ കോടതി അംഗീകരിച്ചു.

ഐ.എസ് കേസില്‍ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ്, അഹമ്മദ് അറഫത്ത് എന്നിവരെ എന്‍.ഐ.എ പ്രതിചേര്‍ത്തു. ഐ.എസ് കേസിലെ ഒന്നാം പ്രതി ഒളിവിൽ കഴിയുന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയും ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയും ചേർന്ന് ഇപ്പോൾ പ്രതിയാക്കപ്പെട്ടവരെ നിരന്തരം തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചിരുന്നുവെന്നും എന്‍.ഐ.എ പറയുന്നു.

അതിനിടെ ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ടവർ കേരളത്തിൽ എത്തിയതിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങളില്ലെന്ന് എന്‍.ഐ.എ അറിയിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ സൂചിപ്പിച്ചു.