LiveTV

Live

Kerala

സിറോ മലബാർ വ്യാജരേഖ കേസ്: ഫാദർ പോൾ തേലക്കാടിനെ ചോദ്യംചെയ്തു

ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറിലധികം നീണ്ടു.

സിറോ മലബാർ വ്യാജരേഖ കേസ്: ഫാദർ പോൾ തേലക്കാടിനെ ചോദ്യംചെയ്തു

സിറോ മലബാർസഭാ വ്യാജരേഖാ കേസിൽ സഭാ മുൻ വക്താവ് ഫാദർ പോള്‍ തേലക്കാട് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറിലധികം നീണ്ടു. അതേസമയം ഫാദര്‍ പോള്‍ തേലക്കാടിനെ നിയമ നടപടികളിലേക്ക് വലിച്ചിഴച്ചതില്‍ ശക്തമായ പ്രതിഷേധവുമായി വൈദികസമിതി രംഗത്തെത്തി.

സിറോ മലബാര്‍സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ രാവിലെ 11 മണിയോടെയാണ് ഫാദര്‍ പോള്‍ തേലക്കാട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. തന്റെ കൈയില്‍ ലഭിച്ച രേഖകള്‍ സംബന്ധിച്ച ആധികാരികത ഉറപ്പില്ലെന്ന് അറിയിച്ചാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറിയതെന്ന് പോള്‍ തേലക്കാട് അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ബാങ്ക് രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരുന്നുവെങ്കിലും രേഖയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പോള്‍ തേലക്കാടിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്.

കർദ്ദിനാളിനെതിരെ വ്യാജ രേഖയുണ്ടാക്കിയതിൽ തേലക്കാടിന് മുഖ്യപങ്കുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം മുന്‍ വൈദിക സമിതി അംഗം രംഗത്തെത്തിയിരുന്നു. വ്യാജരേഖയുണ്ടാക്കാൻ 10 ലക്ഷം രൂപ ചെലവഴിച്ചുവെന്നും ഫാദര്‍ ആന്‍റണി പൂതവേലില്‍ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം പോള്‍ തേലക്കാടിനെ നിയമ നടപടികളിലേക്ക് വലിച്ചിഴച്ചില്‍ അതൃപ്തിയുമായി വൈദിക സമിതി രംഗത്തെത്തി.