LiveTV

Live

Kerala

കലക്ടറുടെ വിലക്ക് മറികടന്ന് നിലം നികത്താന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയത് വിവാദത്തില്‍

നെല്‍വയല്‍ തണ്ണീര്‍തട നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കുന്നത്ത് നാട് വില്ലേജിലെ 15 ഏക്കര്‍ നിലം നികത്തുന്നത് ജില്ലാ കലക്ടര്‍ തടഞ്ഞു ഉത്തരവിട്ടിരുന്നു.

കലക്ടറുടെ വിലക്ക് മറികടന്ന് നിലം നികത്താന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയത് വിവാദത്തില്‍

എറണാകുളം കുന്നത്ത് നാട് വില്ലേജില്‍ ജില്ലാ കലക്ടറുടെ വിലക്ക് മറികടന്ന് നിലം നികത്താന്‍ റവന്യൂ വകുപ്പ് പ്രത്യേക അനുമതി നല്‍കിയ സംഭവം വിവാദമാകുന്നു. നെല്‍വയല്‍ തണ്ണീര്‍തട നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കുന്നത്ത് നാട് വില്ലേജിലെ 15 ഏക്കര്‍ നിലം നികത്തുന്നത് ജില്ലാ കലക്ടര്‍ തടഞ്ഞു ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാണ് അഡീഷണല്‍ സെക്രട്ടറി ജെ ബെന്‍സി നിലം നികത്തലിന് അനുകൂല ഉത്തരവിട്ടത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പീക്‌സ് പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയാണ് നിലം നികത്തലിന് അനുമതി തേടിയത്. 2013-14 ലാണ് ഈ സ്ഥലം നികത്തി തുടങ്ങുന്നത്. ഇതിനെതിരെ ജനകീയ സമരം നടന്നതിനെ തുടര്‍ന്നാണ് കലക്ടര്‍ സ്‌റ്റോപ് മെമോ നല്‍കിയത്. നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ 13ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചായിരുന്നു കലക്ടറിന്റെ ഉത്തരവ്. ഇതിനെതിരെ കമ്പനി കഴിഞ്ഞ നവംബറില്‍ അപ്പീല്‍ നല്‍കി. ഇത് പരിശോധിച്ചാണ് ജനുവരി 31ന് കലക്ടറുടെ ഉത്തരവ് റദ്ദാക്കി റവന്യൂ അഡിഷണല്‍ സെക്രട്ടറി ഉത്തരവിട്ടത്. സംഭവം വിവാദമായതോടെ വിഷയത്തെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

അതേസമയം വിവാദ ഭൂമിയിലേക്ക് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. ഭൂമാഫിയകള്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ അഴിമതിയാണ് സംഭവത്തിന് പിന്നല്‍ നടന്നിരിക്കുന്നതെന്ന് മുന്‍ മന്ത്രി കെ ബാബു ആരോപിച്ചു. കുന്നത്ത് നാട് എം.എല്‍.എ വി.പി സജീന്ദ്രന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ തീരുമാനം.