LiveTV

Live

Kerala

ഐ.എസ് സ്പോണ്‍സേഡ് ചാനല്‍; മീഡിയവണിനെതിരെ ആരോപണവുമായി കെ.ടി ജലീല്‍

ആദ്യം ഐ.എസ് സ്പോണ്‍സേര്‍ഡ് ചാനലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മന്ത്രി പിന്നീട് തീവ്രവാദ സ്പോണ്‍സേര്‍ഡ് ചാനലെന്നാക്കി പോസ്റ്റ് മാറ്റി 

 ഐ.എസ് സ്പോണ്‍സേഡ് ചാനല്‍; മീഡിയവണിനെതിരെ ആരോപണവുമായി കെ.ടി ജലീല്‍

വളാഞ്ചേരി പീഡന കേസിന്റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മീഡിയവണ്‍ ഐ.എസ് സ്പോണ്‍സേര്‍ഡ് ചാനലാണെന്ന് മന്ത്രി കെടി ജലീല്‍. മന്ത്രിയുടെ അടുപ്പക്കാരനാണ് കേസിലെ പ്രതിയായ ഷംസുദ്ദീനെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത് വന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ആദ്യം ഐ.എസ് സ്പോണ്‍സേര്‍ഡ് ചാനലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മന്ത്രി പിന്നീട് തീവ്രവാദ സ്പോണ്‍സേര്‍ഡ് ചാനലെന്നാക്കി പോസ്റ്റ് മാറ്റി.

വളാഞ്ചേരി പീഡന കേസിലെ പ്രതി ഷംസുദ്ദീനെ സഹായിക്കുന്നത് മന്ത്രി ജലീലാണെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണമടക്കം പുറത്ത് വിട്ടത് മീഡിയവണായിരുന്നു. തൊട്ടു പിന്നാലെ ഷംസുദ്ദീനുമായുള്ളത് വളാഞ്ചേരികാരനെന്ന നിലയിലുള്ള കേവല ബന്ധമാണെന്ന ജലീലിന്റെ വാദങ്ങളെ പൊളിക്കുന്ന തെളിവുകള്‍ വി.ടി ബല്‍റാം ഫേസ്ബുക്കില്‍ പങ്ക് വെച്ചു. ഇതും മീഡിയവണ്‍ വാര്‍ത്തയാക്കിയതും ജലീലിനെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് ബല്‍റാമിന് മറുപടി പറയുന്നതിനൊപ്പം മീഡിയവണിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. ഹിമാലയന്‍ തെളിവ് തനിക്കെതിരെ കിട്ടിയെന്ന രീതിയില്‍ കത്തിക്കാന്‍ കേരളത്തിലെ ഐ.എസ് സ്പോണ്‍സേഡ് ചാനലായ മീഡിയവണ്‍ നടത്തുന്ന ആവേശം ആര്‍ക്കും മനസിലാകുമെന്നായിരുന്നു ജലീലിന്റെ വാക്കുകള്‍.

പിന്നീട് ഐ.എസ് സ്പോണ്‍സേര്‍‌ഡ് എന്ന പ്രയോഗം പിന്‍വലിച്ച തീവ്രവാദ സ്പോണ്‍സേര്‍ഡ് ചാനല്‍ എന്നാക്കി മാറ്റി. അതിനിടെ മന്ത്രിയ്ക്ക് വീണ്ടും മറുപടിയുമായെത്തിയ വിടി ബല്‍റാം കേരളത്തില്‍ തീവ്രവാദികള്‍ ചാനലും പത്രവും നടുത്തുന്നുവെന്ന് സര്‍ക്കാരിന് ആധികാരിക വിവരം ഉണ്ടെങ്കില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഷംസുദ്ദീനെ പോലെ അവരേയും രക്ഷപ്പെടുത്താന്‍ നോക്കരുതെന്നും ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.