LiveTV

Live

Kerala

മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു

കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്. 

മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു

മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് പരിപാടിയുടെ ഉദ്ഘാടനത്തിനാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അനുമതി നിഷേധിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിയും ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നില്ലെന്നും പരിപാടിയുമായി മുന്നോട്ട് പോകാനും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കണ്‍സ്യൂമര്‍ ഫെഡിന് നിര്‍ദ്ദേശം നല്‍കി.

ഇന്നു മുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 600 കേന്ദ്രങ്ങളില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ സംഘടിപ്പിക്കാനാണ് കണ്‍സ്യൂമര്‍ ഫെ‍ഡ് തീരുമാനിച്ചത്. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് സഹകരണ മന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉദ്ഘടാനം ചെയ്യാനായിരിന്നു തീരുമാനിച്ചിരുന്നത്. മാതൃകാ പെരുമാറ്റം ചട്ടം നിലനില്‍ക്കുന്നത് കൊണ്ട് പരിപാടിക്ക് അനുമതി തേടി കണ്‍സ്യൂമര്‍ഫെ‍ഡ് എം.ഡി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും മാതൃകാ പെരുമാറ്റചട്ടം 23 വരെ നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന്‍ അനുമതി നിഷേധിച്ചു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരവും നല്‍കിയിട്ടുണ്ട്. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ചുവെന്നത് ശരിയല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. അനുമതി തേടി കൺസ്യൂമർഫെഡ് എം.ഡിയ്ക്കു വേണ്ടി ഒരു ജൂനിയർ ഉദ്യോഗസ്ഥൻ ഒപ്പു വച്ച കത്താണ് ഇലക്ഷൻ വിഭാഗത്തിൽ ലഭിച്ചത്.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിൽ ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ശിപാർശ നൽകിയാൽ പരിഗണിക്കുമെന്ന് കാണിച്ച് കത്ത് നൽകിയിരുന്നുവെന്നും ടിക്കാറാം മീണ വ്യക്തമാക്കി.അതേസമയം പരിപാടിയുടെ ഉദ്ഘാടനം മാറ്റിവയ്ക്കേണ്ടെന്നാണ് സഹകരണമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കില്ല. കണ്‍സ്യൂമര്‍ഫെഡ് എം.ഡിയായിരിക്കും പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. 40 ശതമാനം വിലക്കുറവില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസാമഗ്രികള്‍ ലഭിക്കുന്ന പരിപാടി പെരുമാറ്റചട്ടം നിലനില്‍ക്കുന്നത് കൊണ്ട് മാറ്റിവെയ്ക്കേണ്ടതില്ലെന്ന നിര്‍ദ്ദേശമാണ് മന്ത്രി നല്‍കിയിരിക്കുന്നത്.