LiveTV

Live

Kerala

നിലം നികത്താന്‍ വ്യാജരേഖ: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

എറണാകുളം ചൂര്‍ണിക്കരയിലെ 25 സെന്റ് നിലം നികത്താന്‍ ലാന്‍ഡ് റവന്യു കമ്മീഷണറുടെ വ്യാജ ഉത്തരവ് ചമച്ച കേസില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.

നിലം നികത്താന്‍ വ്യാജരേഖ: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

എറണാകുളം ചൂര്‍ണിക്കരയിലെ 25 സെന്റ് നിലം നികത്താന്‍ ലാന്‍ഡ് റവന്യു കമ്മീഷണറുടെ വ്യാജ ഉത്തരവ് ചമച്ച കേസില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തന്‍റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയെന്ന് കാണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി.

തൃശൂര്‍ മതിലകം സ്വദേശി ഹംസ എന്നയാളുടെയും ബന്ധുക്കളുടെയും പേരിലുള്ള എറണാകുളം ചൂര്‍ണിക്കരയിലെ 25 സെന്‍റ് നിലം നികത്താനുള്ള നീക്കമാണ് വിവാദത്തിന് അടിസ്ഥാനം. സ്ഥലം തരം മാറ്റാനുള്ള അപേക്ഷ നിരസിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ യു വി ജോസിന്‍റെ പേരിലുള്ള വ്യാജ ഉത്തരവ് ഹാജരാക്കിയത്. നടപടി പുറത്തുവരുകയും ഉത്തരവ് വ്യാജമാണെന്ന് റവന്യുവകുപ്പ് തിരിച്ചറിയുകയും ചെയ്തതോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് റവന്യുമന്ത്രി ശിപാര്‍ശ ചെയ്തത്. മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

തന്‍റെ പേരില്‍ വ്യാജരേഖ ചമച്ചവരെക്കെതിരായ നടപടി ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യു കമ്മീഷണര്‍ യു.വി ജോസ് മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിലും അന്വേഷണം ആരംഭിച്ചു. കളമശ്ശേരി, മുട്ടം എന്നീ മെട്രോ സ്റ്റേഷനുകളുടെ ഇടക്ക് ദേശീയപാതയോടു ചേർന്ന് കിടക്കുന്നതാണ് ചൂര്‍ണിക്കരയിലെ ഈ ഭൂമി. വർഷങ്ങൾക്കു മുമ്പേ നിലം മണ്ണിട്ടു നികത്തി, ഷെഡ്ഡ് നിർമ്മിച്ചു, പഞ്ചായത്തിൽ നിന്ന് നമ്പർ സംഘടിപ്പിച്ചു, പിന്നീട് കെട്ടിടങ്ങളും പണിതു. എന്നാൽ തരം മാറ്റാൻ കഴിഞ്ഞില്ല. ഇതിൽ 25 സെൻറ് സ്ഥലമാണ് തൃശ്ശൂർ സ്വദേശി ഹംസ വ്യാജ ഉത്തരവുണ്ടാക്കി തരം മാറ്റാൻ ശ്രമിച്ചത്. സെന്‍റിന് 25,00,000 രൂപ വരെയാണ് ഇവിടെ സ്ഥലത്തിന്‍റെ വില.