LiveTV

Live

Kerala

‘എനിക്കും അനിയനും ആ ആട്ടിൻകുട്ടികളെ കാണാതിരിക്കാനാവില്ല, അനുവാദം തരണം’; ഹൃദയം തൊടുന്ന കുഞ്ഞ് കത്ത് ഫേസ്ബുക്കില്‍ വൈറല്‍

‘എനിക്കും അനിയനും ആ ആട്ടിൻകുട്ടികളെ കാണാതിരിക്കാനാവില്ല, അനുവാദം തരണം’; ഹൃദയം തൊടുന്ന കുഞ്ഞ് കത്ത് ഫേസ്ബുക്കില്‍ വൈറല്‍

നിഷ്കളങ്കത കൊണ്ട് അമ്പരിപ്പിക്കുന്നവരാണ് കുഞ്ഞുങ്ങള്‍. തനിക്കേറ്റവുമിഷ്ടപ്പെട്ട കോഴിയെ കൊല്ലരുതെന്ന് താണുകേണ് പറഞ്ഞു കരയുന്ന കുഞ്ഞുമോളും പരുക്കേറ്റ കോഴിക്കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലെത്തിയ ആറുവയസ്സുകാരനും ഈയടുത്താണ് നമ്മുടെ ഹൃദയങ്ങള്‍ കീഴടക്കിയത്. വീട്ടിലെ അരുമ മൃഗങ്ങളുമായി കുഞ്ഞുങ്ങള്‍ക്കുള്ള അടുപ്പം മുതിര്‍ന്നവര്‍ അത്ര ഗൌരവത്തോടെ കാണാത്തതുമാണ്. എന്നാല്‍ വീട്ടില്‍ നിന്നും വില്‍പ്പന നടത്തി കൊണ്ടുപോയ തങ്ങളുടെ പ്രിയപ്പെട്ട ആട്ടിന്‍കുട്ടികളെ കാണാനുള്ള അനുവാദം ചോദിച്ച് കുരുന്നുകള്‍ തയ്യാറാക്കി നല്‍കിയ കത്ത് വായിക്കുന്നവരുടെ ഹൃദയം തൊടുന്നതാണ്. ആരാണ് എഴുതിയത് എന്നറിയാത്ത കത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ചത് നിധിന്‍ നെടുമ്പിനാല്‍ എന്ന വ്യക്തിയാണ്. ഒരു ചെറിയ കുറിപ്പോടെയാണ് നിധിന്‍ കത്ത് പങ്കുവെച്ചിരിക്കുന്നത്. ആ ആട്ടിന്‍ കുട്ടികളെ ഞങ്ങള്‍ക്ക് കാണാന്‍ അനുവാദം തരണം, എനിക്കും അനിയനും അതിനെ കാണാതിരിക്കാനാവില്ലെന്നും കത്തിലെഴുതിയിട്ടുണ്ട്.

കുരുന്നുകളുടെ കത്ത്

പ്രിയപ്പെട്ട അങ്കിള്‍,

എനിക്കും എന്റെ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാന്‍ ഒരു അനുവാദം തരണം. ഞങ്ങള്‍ക്ക് അതിനെ കാണാതിരിക്കാന്‍ പറ്റില്ല. പെര്‍മിഷന്‍ തരും എന്ന ഉറപ്പോടെ ഞാന്‍ നിര്‍ത്തുന്നു.

എന്ന്

ആടുകളെ വില്‍ക്കപ്പെട്ട വീട്ടിലെ കുട്ടികള്‍

‘എനിക്കും അനിയനും ആ ആട്ടിൻകുട്ടികളെ കാണാതിരിക്കാനാവില്ല, അനുവാദം തരണം’; ഹൃദയം തൊടുന്ന കുഞ്ഞ് കത്ത് ഫേസ്ബുക്കില്‍ വൈറല്‍

നിധിൻ ജി നെടുമ്പിനാൽ കത്ത് പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്

ജോലി കഴിഞ്ഞ് എന്നും ഉച്ചയ്ക്ക് വക്കീലിന്റെ വീട്ടില്‍ അല്പനേരം വിശ്രമിക്കാറുണ്ട്. ഇന്നും പതിവ് പോലെ ചെന്നപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പുറത്തിരുന്ന് returns എഴുതുമ്പോള്‍ ഏതോ കുട്ടികള്‍ കൊണ്ടുവെച്ച ഈ കത്ത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.. ഒന്ന് വായിച്ചപ്പോള്‍ തന്നെ ഉള്ളില്‍ വല്ലാത്തൊരു കുളിര്‍മ തോന്നി. ആ കുട്ടികളുടെ വീട്ടില്‍ നിന്നും വക്കീല്‍ വാങ്ങിയ ആട്ടിന്‍കുട്ടികളെ കാണാനെത്തിയതാണ് കുട്ടികള്‍..!

വന്നോപ്പോള്‍ വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ ഇനി വരുമ്പോള്‍ ആട്ടിന്‍കുട്ടികളെ കാണാനുള്ള അനുവാദം തരണം എന്ന അപേക്ഷയാണ് കത്തില്‍…!

ഉടമസ്ഥന്‍ വിറ്റിട്ടും, വാങ്ങിയ ആളിന്റെ വീട് തേടിപ്പിടിച്ച് ഇതുപോലൊരു കത്തെഴുതിയ ആ കുട്ടികള്‍ നല്‍കുന്ന സന്ദേശം വളരെ വലുതാണ്..

‘എനിക്കും അനിയനും അതിനെ(ആടിന്‍കുട്ടിയെ) കാണാതിരിക്കാന്‍ കഴിയില്ല’ എന്ന ഒറ്റ വരി മതി സ്‌നേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കാന്‍.