LiveTV

Live

Kerala

ടി.പി വധം; അറുതിയില്ലാതെ വിവാദങ്ങള്‍

ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനും കൊടി സുനിക്കും പരോള്‍ അനുവദിച്ചത് സംബന്ധിച്ച് നിയമപോരാട്ടത്തിലാണ് ആര്‍.എം.പി.

 ടി.പി വധം; അറുതിയില്ലാതെ വിവാദങ്ങള്‍

ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഏഴു വര്‍ഷം പിന്നിടുമ്പോഴും അറുതിയില്ലാതെ വിവാദങ്ങളും തുടരുകയാണ്.ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനും കൊടി സുനിക്കും പരോള്‍ അനുവദിച്ചത് സംബന്ധിച്ച് നിയമപോരാട്ടത്തിലാണ് ആര്‍.എം.പി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ഇടതു സര്‍ക്കാര്‍ വഴി വിട്ട് സഹായം നല്‍കുന്നതായാണ് ആരോപണം.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണം തുടങ്ങിയതു മുതല്‍ വിവാദങ്ങള്‍ക്കും പഞ്ഞമില്ലായിരുന്നു. കോടതി പ്രതികളെ ശിക്ഷിച്ചതിന് ശേഷവും ഇത് തുടര്‍ന്നു. ജിവര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊടി സുനിക്കും കിര്‍മാണി മനോജിനും മുഹമ്മദ് ഷാഫിക്കുമെല്ലാം ജയിലധികൃതര്‍ വഴി വിട്ട സഹായം നല്‍കുന്നുവെന്ന ആരോപണം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.പരോളിലിറങ്ങി ക്വട്ടഷേന്‍ ഏറ്റെടുക്കുന്നതായി കൊടി സുനിക്കെതിരെ പരാതി വന്നു.ഇതിനിടയില്‍ സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗമായ പി.കെ കുഞ്ഞനന്തനെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തിയത് വലിയ പ്രതിഷേധത്തിനിടയാക്കി. 2014 ജനുവരിയില്‍ ജയിലിലായ കുഞ്ഞനന്തന് 389 ദിവസമാണ് പരോള്‍ ലഭിച്ചത്. അനധികൃതമായി പരോള്‍ നല്‍കുന്നതിനെതിരെ കെ.കെ രമ നല്‍കിയ പരാതി കോടതിയുടെ പരിഗണനയിലാണ്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോളിലിറങ്ങിയ കിര്‍മാണി മനോജ് വിവാഹം കഴിച്ചതിനെച്ചൊല്ലിയും പരാതിയുയര്‍ന്നു. തന്റെ ഭാര്യയെയാണ് മനോജ് വിവാഹം കഴിച്ചതെന്നു കാണിച്ച് വടകര സ്വദേശിയായ യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്.അസുഖം കാരണം അടിയന്തിര പരോള്‍ നല്‍കണമെന്ന അപേക്ഷയില്‍ പരോള്‍ ലഭിച്ച മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതും വലിയ ചര്‍ച്ചയായി. ഷാഫിയുടെ കല്ല്യാണത്തിന് എ. എന്‍ ഷംസീര്‍ എം.എല്‍.എ പങ്കെടുത്തതും വിവാദമായിരുന്നു.