LiveTV

Live

Kerala

പാലാരിവട്ടം പാലം: നിര്‍മാണത്തില്‍ ഗുരുതര പാളിച്ചയെന്ന് വിദഗ്ധ സംഘം

മേല്‍പ്പാലം അറ്റകുറ്റ പണി പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം എടുക്കും.

പാലാരിവട്ടം പാലം: നിര്‍മാണത്തില്‍ ഗുരുതര പാളിച്ചയെന്ന് വിദഗ്ധ സംഘം

ഗതാഗതത്തിന് തുറന്ന് കൊടുത്ത് മൂന്ന് വർഷം തികയും മുമ്പ് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടേണ്ടി വന്ന പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതര നിര്‍മാണ പാളിച്ചകളുണ്ടെന്ന് വിദഗ്ധ സംഘം. പാലത്തിന്റെ ഗർഡറുകളിലും തൂണുകളിലും വിള്ളലുകളുണ്ടെന്നാണ് പാലം പരിശോധിച്ച ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ. ഇന്നലെ പാലം സന്ദർശിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരനും നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിരുന്നു.

രൂപകൽപ്പന മുതലുള്ള പാളിച്ചയാണ് പാലത്തിന്റെ നിലവിലെ അവസ്ഥക്ക് കാരണമെന്നാണ് ഐ.ഐ.ടിയിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ. ഗർഡറുകളിൽ ഗുരുതരമായ വിള്ളലും തൂണുകൾക്ക് ബലക്കുറവുമുണ്ട്. നിര്‍മ്മാണത്തിൽ പാളിച്ചകളുണ്ടായി. പാലത്തിന്‍റെ എക്സ്പാൻഷൻ ജോയിന്‍ററുകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിംഗുകളുടെയും നിർമ്മാണത്തിലുണ്ടായ വീഴ്ച പാലത്തിന്റെ ബലക്ഷയത്തിന് കാരണമായതായും വിദഗ്ധർ പറയുന്നു.

വൻകിട കരാറുകൾ ഏറ്റെടുത്ത് നടപ്പാക്കുന്ന കിറ്റ്കോയ്ക്കായിരുന്നു 52 കോടി ചിലവിട്ട പാലത്തിന്‍റെ നിര്‍മാണ ചുമതല. പാലം നിര്‍മ്മാണത്തിൽ വൻ അഴിമതിയും ക്രമക്കേടും തെളിഞ്ഞ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.