LiveTV

Live

Kerala

നിപ വൈറസ് ബാധയ്ക്ക് ഒരാണ്ട്

ആരോഗ്യവകുപ്പിന്റെ രേഖകള്‍ പ്രകാരം സംസ്ഥാനത്ത് നിപ ബാധിച്ച് പതിനേഴ് പേരാണ് മരിച്ചത്. 

 നിപ വൈറസ് ബാധയ്ക്ക് ഒരാണ്ട്

കേരളത്തെ ആകെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയ്ക്ക് ഒരാണ്ട്. കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് സൂപ്പിക്കടയിലാണ് നിപ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ രേഖകള്‍ പ്രകാരം സംസ്ഥാനത്ത് നിപ ബാധിച്ച് പതിനേഴ് പേരാണ് മരിച്ചത്. ആളൊഴിഞ്ഞ് കിടക്കുകയാണ് വളച്ചുകെട്ടില്‍ വീട്. മെയ് 5നാണ് സാബിത്ത് പനിയെ തുടര്‍ന്ന് മരിക്കുന്നത്. മെയ് 18ന് സഹോദരന്‍ സാലിഹും പിന്നാലെ പിതാവ് മൂസയും നിപ വൈറസിന് കീഴടങ്ങി. സാലിഹിന്റെ മരണത്തോടെയാണ് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. സാബിത്തിന്റെ മരണം നിപ വൈറസ് ബാധമൂലമാണെന്ന് പരിശോധനകളിലൂടെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ സാബിത്തില്‍ നിന്നാണ് മറ്റുള്ളവരിലേക്കും നിപ പടര്‍ന്നതെന്നാണ് ഇപ്പോഴും കരുതുന്നത്. ആരോഗ്യ വകുപ്പിന്റെ നിഗമനം. അന്ന് മൂസയുടെ കുടുംബത്തോടൊപ്പം നിന്നവരെയെല്ലാം പുറത്ത് നിന്നുള്ളവര്‍ ഒറ്റപ്പെടുത്തിയതിനും ഈ കാലയളവ് സാക്ഷ്യം വഹിച്ചു.

സേവനത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയടക്കം 18 പേരെയാണ് നിപ വൈറസ് കവര്‍ന്നെടുത്തത്. നിപ വൈറസ് സ്ഥിരീകരിച്ച രണ്ട് പേര്‍ ജീവിതത്തിലേക്ക് തരിച്ചെത്തി എന്നതായിരുന്നു പരിഭ്രാന്തി നിറഞ്ഞ ആ കാലയളവിലെ ആശ്വാസം. ഇപ്പോഴും എവിടെ നിന്നാണ് സാബിത്തിന് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. പ്രദേശത്തെ വവ്വാലുകളില്‍ മൃഗസംരക്ഷണവകുപ്പ് പരിശോധന തുടരുകയാണ്.