LiveTV

Live

Kerala

ദേശീയപാത സ്ഥലമേറ്റെടുപ്പ്; കേന്ദ്ര ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍

ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന്‍ ദേശീയപാത അതോറിറ്റിക്ക് കത്തയച്ചു.

ദേശീയപാത സ്ഥലമേറ്റെടുപ്പ്; കേന്ദ്ര ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍

ദേശീയപാത വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ മരവിപ്പിച്ച കേന്ദ്ര ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ദേശീയ പാത അതോറിറ്റിക്ക് കത്തയച്ചു.മിക്ക ജില്ലകളിലും സ്ഥലം ഏറ്റെടുപ്പ് ഏകദേശം പൂര്‍ത്തിയായെന്നും അത് കൊണ്ട് ഉത്തരവ് തിരുത്തണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.

കേരളത്തിലെ ദേശീയപാത 66 നാലുവരിയാക്കുന്നതിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വെയ്ക്കാന്‍ കഴിഞ്ഞ ദിവസമാണ് ദേശീയ പാത അതോറിറ്റി നിര്‍ദ്ദേശം നല്‍കിയത്. വിവിധ സംസ്ഥാനങ്ങളിലെ ദേശീയപാത വികസനപദ്ധതികളെ മുന്‍ഗണനാടിസ്ഥാനത്തില്‍ രണ്ട് തട്ടിലാക്കുകയും കേരളത്തെ രണ്ടാം മുന്‍ഗണന പട്ടികയിലേക്ക് മാറ്റകയും ചെയ്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. 2021 ഫെബ്രുവരി 20 ന് ശേഷം മാത്രമേ രണ്ടാം മുന്‍ഗണനപട്ടികയിലെ പണി നിലവിലെ സാഹചര്യത്തില്‍ ആരംഭിക്കാന്‍ കഴിയൂ.ഇതേതുടര്‍ന്നാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ദേശീയപാത അതോറിറ്റി അധികൃതര്‍ക്ക് കത്തയച്ചത്. സ്ഥലമേറ്റെടുപ്പു നടപടികൾ വടക്കൻ ജില്ലകളിൽ 80 ശതമാനവും തെക്കൻ ജില്ലകളില്‍ 60 ശതമാനവും പൂർത്തിയായിരിക്കെയാണെന്നും അത് കൊണ്ട് തീരുമാനം പുനപരിശോധിക്കണമെന്നുമാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.

വർഷങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാത വികസനം 2021ന് അകം പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ കേന്ദ്രതീരുമാനം കനത്ത തിരിച്ചയടിയായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ഭൂമിവില കൂടുതലാണെന്ന പേരിൽ കേരളത്തിനു ഫണ്ട് അനുവദിക്കാൻ കേന്ദ്രം നേരത്തേ തന്നെ തടസ്സവാദം ഉന്നയിച്ചിരുന്നു.എന്നാല്‍ സ്ഥലമേറ്റെടുപ്പ് 2 വർഷം വൈകിയാൽ ഭൂമിയുടെ വില ഇനിയും വർധിക്കുമെന്ന വസ്തുത കേന്ദ്രം പരിഗണിക്കുന്നില്ലെന്ന പരാതിയും സംസ്ഥാനത്തിനുണ്ട്.