LiveTV

Live

Kerala

കള്ളവോട്ട്; കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങളുടെയും പരിശോധന തുടരുന്നു

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരമാണ് അതീവ പ്രശ്നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. 

കള്ളവോട്ട്; കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങളുടെയും പരിശോധന തുടരുന്നു

കള്ളവോട്ട് പരാതികളില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങളുടെയും പരിശോധന തുടരുന്നു . തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരമാണ് അതീവ പ്രശ്നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. പരിശോധന റിപ്പോർട്ട് കലക്ടർ നാളെ മുഖ്യ തിരഞെടുപ്പ് ഓഫീസർക്ക് കൈമാറും.

കലക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ രാവിലെ 9 മണിക്കാണ് പരിശോധന ആരംഭിച്ചത് .കാസര്‍കോട് ജില്ലയിലെ 43 അതീവ പ്രശ്ബനബാധിത ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയത്. ഇവിടങ്ങളിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തിൽ പ്രശ്‌നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ് ഓഫീസർമാരും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമാണ് പരിശോധന നടത്തുന്നത് .വ്യാപകമായ കള്ളവോട്ട് ആരോപണങ്ങളെ തുടര്‍ന്നാണ് മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചത്. നേരത്തെ കള്ളവോട്ട് പരാതികളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ പേരെ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സൂക്ഷമമായ പരിശോധനയാണ് നടത്തുന്നത് . ബൂത്തുകളിൽ ഒന്നിലധികം തവണ പ്രവേശിക്കുന്നവരോ, അസ്വാഭാവിക നടപടി ക്രമങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത് .

ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയും പരിശോധിക്കും .കാസർകോട് ജില്ലയിൽ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ 23ഉം കാഞ്ഞങ്ങാട് മണ്ഡലത്തിൽ 13ഉം ഉദുമയിൽ 3ഉം കാസർകോട് മണ്ഡലത്തിൽ 4ഉം ബൂത്തുകളാണ് അതീവ പ്രശ്ന ബാധിത ബൂത്തുകളായിട്ടുണ്ടായിരുന്നത് . നേരത്തെ പാർലമെന്റ് മണ്ഡലത്തിലെ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളിലും സംഘർഷം നടന്ന ബൂത്തുകളിലും റീപോളിംഗ് നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കലക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു.