LiveTV

Live

Kerala

ഇടുക്കിയിലും സി.പി.എമ്മിനെതിരെ കള്ളവോട്ട് ആരോപണം

രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തുവെന്നാണ് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ പരാതി

ഇടുക്കിയിലും സി.പി.എമ്മിനെതിരെ കള്ളവോട്ട് ആരോപണം

ഇടുക്കിയിലും സി.പി.എമ്മിനെതിരെ കള്ളവോട്ട് ആരോപണം. രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തുവെന്നാണ് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി യുടെ പരാതി. ഉടുമ്പൻചോല മണ്ഡലത്തിലാണ് കള്ള വോട്ട് നടന്നതായി ആരോപണം. വോട്ടിങിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി യു.ഡി.എഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തിലെ 66, 69 നമ്പര്‍ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി യു.ഡി.എഫ് ആരോപിക്കുന്നത്. രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് രഞ്ജിത് എന്ന വ്യക്തി രണ്ട് ബൂത്തുകളിലും വോട്ട് ചെയ്തതയാണ് ബൂത്ത്‌ ഏജന്റ്മാരിൽ നിന്ന് ലഭിച്ച വിവരം എന്ന് കോൺഗ്രസ്‌ ആരോപിക്കുന്നു . തിരച്ചറിയല്‍ കാര്‍ഡ് ഒന്നില്‍ രഞ്ജിത് കുമാറെന്നും, മറ്റൊന്നിൽ പി.രഞ്ജിത്ത് എന്നുമാണ് പേര് രേഖപ്പെടുത്തിയിട്ടുള്ളത്. ഇയാള്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ആണെന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയതെന്നുമാണ് യു.ഡി.എഫിന്റെ ആരോപണം.

കള്ള വോട്ട് നടത്തിയെന്നും തെളിയിക്കാമെങ്കിൽ തെളിയിച്ചോളു എന്ന് രഞ്ജിത്ത് വെല്ലുവിളിച്ചതായും ഇരു ബൂത്തിലെയും യു.ഡി.എഫ് ബൂത്ത്‌ ഏജന്റുമാര്‍ പറയുന്നു. രഞ്ജിതിന് എതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. 66,69 നമ്പര്‍ ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല.