LiveTV

Live

Kerala

സ്പിരിറ്റ് കടത്ത് കേസ്; ഒളിവിലായിരുന്ന സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി

പാലക്കാട് ചിറ്റൂരിൽ വച്ചാണ് എക്സൈസ് സംഘം അനിലിനെ പിടികൂടിയത്.

സ്പിരിറ്റ് കടത്ത് കേസ്; ഒളിവിലായിരുന്ന സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി

സ്പിരിറ്റ് കടത്ത് കേസിൽ ഒളിവിലായിരുന്ന സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനിലിനെ എക്സൈസ് പിടികൂടി. പാലക്കാട് ചിറ്റൂരിൽ വച്ചാണ് എക്സൈസ് സംഘം അനിലിനെ പിടികൂടിയത്.

മൂന്നു ദിവസം മുമ്പ് തത്തമംഗലത്ത് വച്ച് സ്പിരിറ്റ് പിടികൂടിയ കേസിൽ രണ്ടാം പ്രതിയാണ് അനിൽ. സ്പിരിറ്റ് പിടികൂടുന്നതിനിടെ അനിൽ ഓടിരക്ഷപ്പെടുകയായിരുന്നു. അത്തിമണി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനിലിനെ സി.പി.എം പുറത്താക്കിയിരുന്നു. ഒളിവിലായിരുന്ന അനിലിന് വേണ്ടി എക്സൈസ് ഇന്റലിജൻസ് ബ്യൂറോ വ്യാപക തെരച്ചിൽ നടത്തി. പ്രാദേശിക രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് അനിലിനെ പിടികൂടാൻ വൈകുന്നതെന്ന് ആരോപണവുമുയർന്നു. എന്നാൽ സ്പിരിറ്റ് കേസിൽ ഒരു പങ്കുമില്ലെന്നും പ്രാദേശിക സി.പി.എം - ജനതാദൾ പ്രശ്നങ്ങളുടെ ബലിയാടാണ് താനെന്നും ഗൂഢാലോചന നടത്തിയത് ജനതാദൾ പ്രവർത്തകരാണെന്നും അനിൽ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

സി.പി.എം നേതാക്കളുടെ സമ്മർദ്ദം മൂലം അനിൽ കീഴടങ്ങാൻ തയ്യാറായെന്നാണ് സൂചന. അനിലിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കോടതിയിൽ ഹാജരാക്കൂ. അതേസമയം രാഷ്ട്രീയ ഗൂഢാലോചനയെന്ന അനിലിന്റെ വെളിപ്പടുത്തലോടെ സി.പി.എം ജനതാദൾ തർക്കം കൂടുതൽ രൂക്ഷമാകും. തെരഞ്ഞെടുപ്പിന് മുമ്പ് താൽക്കാലിക പരിഹാരമായ സി.പി.എം - ദൾ തർക്കം ചിറ്റൂർ മേഖലയിൽ വീണ്ടും ശക്തമാകാനാണ് സാധ്യത.