LiveTV

Live

Kerala

പി.കൃഷ്ണദാസിനെ പുകഴ്ത്തിയുള്ള പ്രസംഗം: പി.കെ ശശിക്കെതിരെ എസ്.എഫ്.ഐ

ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും കോടിയേരിക്ക് കത്ത് നല്‍കിയിരുന്നു

പി.കൃഷ്ണദാസിനെ പുകഴ്ത്തിയുള്ള പ്രസംഗം: പി.കെ ശശിക്കെതിരെ എസ്.എഫ്.ഐ

ജിഷ്ണു പ്രണോയ് കേസിലെ പ്രതി പി കൃഷ്ണദാസിനെ ന്യായീകരിച്ച പി.കെ ശശി എം.എല്‍.എക്കെതിരെ നടപടി വേണമെന്ന് എസ്.എഫ്.ഐ. ഇക്കാര്യം ആവശ്യപ്പെട്ട് പാമ്പാടി നെഹ്റു കോളജ് എസ്.എഫ്.ഐ യൂണിറ്റ് സി.പി.എം സംസ്ഥാനെ സെക്രട്ടറിക്ക് കത്തയച്ചു. ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും കോടിയേരി കത്തയച്ചിരുന്നു.

ജിഷ്ണു പ്രണോയ് കേസില്‍ നെഹ്റു കോളജ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരെ ശക്തമായ സമരമാണ് എസ്.എഫ് .ഐ നടത്തിയത്. സമരം ചെയ്തവരെ തള്ളി പറഞ്ഞ പി.കെ ശശി എം.എല്‍.എ കൃഷ്ണദാസിനെ ന്യായീകരിക്കുകയും ചെയ്തുവെന്ന് എസ്.എഫ്.ഐ പാമ്പാടി നെഹ്റു കോളജ് യൂണിറ്റ് സെക്രട്ടറി സി.പി.എം സംസ്ഥാന സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു. കൃഷ്ണദാസുമായി വേദി പങ്കിട്ടത് തന്നെ ധാര്‍മ്മികമായി തെറ്റാണെന്നും പി.കെ ശശിയുടെ നടപടിയില്‍ കടുത്ത അമര്‍ശവും കത്തില്‍ രേഖപെടുത്തുന്നു. പരാതി പരിശോധിച്ച് ശശിക്കെതിരെ നടപടി എടുക്കണമെന്നും കത്തില്‍ ആവശ്യപെടുന്നു.

ജിഷ്ണു പ്രണോയ് കേസിന്‍റെ ആദ്യ ഘട്ടം മുതല്‍ പി.കെ ശശി എം.എല്‍.എ കൃഷ്ണദാസിനെ സഹായിക്കുന്ന കാര്യം തങ്ങള്‍ക്ക് അറിയാമെന്ന് പറഞ്ഞാണ് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ കത്ത് ആരംഭിക്കുന്നത്. സര്‍ക്കാറിനെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാണ് അന്ന് ഈ കാര്യം തുറന്ന് പറയാതിരുന്നത്. സി.പി.എം എം.എല്‍.എ കൃഷ്ണദാസിനെ പുകഴ്ത്തി സംസാരിച്ചത് ഏറെ വേദനിപ്പിച്ചു. പി.കെ ശശി എം.എല്‍.എക്കെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്ന് ആവശ്യപെട്ടാണ് മഹിജ കത്ത് അവസാനിപ്പിക്കുന്നത്.

പി.കെ ശശിക്കെതിരെ എസ്.എഫ്.ഐ ഉള്‍പെടെ പരാതി നല്‍കിയതിനാല്‍ വിഷയം സി.പി.എം ഗൌരവത്തിലെടുക്കനാണ് സാധ്യത. ഡി.വൈ.എഫ്.ഐ വനിത നേതാവിന്‍റെ ലൈംഗിക പീഡന പരാതിയില്‍ സി.പി.എമ്മില്‍ നിന്നും 6 മാസത്തേക്ക് പി.കെ ശശിയെ സസ്പെന്‍റ് ചെയ്തിരിക്കുകയാണ്.