LiveTV

Live

Kerala

‘റമദാനില്‍ ഭക്ഷണം കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചിടണം’; സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്ന അറിയിപ്പിന് പിന്നിലെ സത്യാവസ്ഥയിതാണ് 

‘റമദാനില്‍ ഭക്ഷണം കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചിടണം’; സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്ന അറിയിപ്പിന് പിന്നിലെ സത്യാവസ്ഥയിതാണ് 

റമദാനില്‍ ഭക്ഷണ സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആവശ്യപ്പെടുന്ന ഫ്ലക്സ് ബോര്‍ഡാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. റമദാന്‍ മാസം മുഴുവനും ഹോട്ടലുകള്‍ നിര്‍ബന്ധപ്പൂര്‍വം അടച്ചിടാന്‍ കല്‍പ്പിക്കുകയാണ് പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നതെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലായെന്നുമാണ് പോസ്റ്റര്‍ പങ്കുവെക്കുന്ന നിരവധി പേരുടെ അഭിപ്രായം. എന്നാല്‍ പോസ്റ്ററിലെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ പോസ്റ്ററുകള്‍ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. കോഴിക്കോട് കുറ്റിച്ചിറ ഭാഗത്തെ പ്രത്യേകം പ്രതിപാദിച്ചാണ് ഫ്ലക്സ് തയ്യാറാക്കിയതെന്നും മുമ്പ് റമദാന്‍ മാസത്തില്‍ മോശം അനുഭവം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ഫ്ലക്സ് പുറത്തിറക്കിയതെന്നും കുറ്റിച്ചിറയിലെ നാട്ടുകാര്‍ അറിയിക്കുന്നു.

നേരത്തെ ലഹരി ഇടപാടുകളും സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നതിനാല്‍ പ്രദേശ വാസികളുടെ ബുദ്ധിമുട്ടികളും കണക്കിലെടുത്ത് രാത്രി ഇത്തരം കടകള്‍ അനുവദിക്കരുതെന്ന് തീരുമാനിച്ചിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് ഈ വര്‍ഷം പോസ്റ്റര്‍ പതിച്ചിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തി വിശദമായ ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. വ്യാജ പ്രചരണത്തില്‍ സി.പി.എമ്മും വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. രാത്രി കാല കച്ചവടം പ്രദേശവാസികള്‍ക്ക് ഏല്‍പ്പിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് രാത്രി കച്ചവടം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്ന് പ്രാദേശിക സി.പി.ഐ.എം നേതൃത്വം വ്യക്തമാക്കുന്നു.

‘റമദാനില്‍ ഭക്ഷണം കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചിടണം’; സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്ന അറിയിപ്പിന് പിന്നിലെ സത്യാവസ്ഥയിതാണ് 

കോഴിക്കോട് മുഖദാർ പള്ളിക്ക് സമീപം നോമ്പ് കാലത്തെ കടയടപ്പിക്കൽ 'ഒരു അന്വേഷണം
----------

രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് 'മലപ്പുറത്ത് നോമ്പുകാലത്ത് ഒരു നാരങ്ങാസോഡ പോലും കിട്ടില്ല' എന്ന യുക്ത - സംഘീ സ്‌പോൺസേർഡ് നാടകം ഫേസ്‌ബുക്കിൽ നിറഞ്ഞാടിയത്. മുസ്ലിംകൾ ഒരു ജില്ലയിൽ ഭൂരിപക്ഷമായപ്പോഴേക്ക് മറ്റുള്ളവർക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത രൂപത്തിൽ ആണെന്ന വിലാപങ്ങൾ, മലപ്പുറത്തെ കുട്ടികൾ ഫേസ്ബുക് ലൈവുമായി തെരുവിലിറങ്ങി തുറന്നുകിടക്കുന്ന ഹോട്ടലുകളും കടകളും എണ്ണിക്കോളാൻ പറഞ്ഞപ്പോഴാണ് ഒന്ന് ശമിച്ചത്. എങ്കിലും എല്ലാ വർഷവും റമദാൻ അടുക്കുമ്പോൾ മലപ്പുറത്ത് വെള്ളം കിട്ടാത്ത കഥകളുമായി അവർ വരാറുണ്ടായിരുന്നു..

ഇക്കുറി ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട്. കോഴിക്കോട് കുറ്റിച്ചിറ ഭാഗത്തെ മുഖദാർ പള്ളിയുടെയും സമീപത്തെയും മുഴുവൻ കടകളും റമദാൻ നോമ്പ് കാലത്ത് അടച്ചിടണം എന്ന നോട്ടീസ് തെളിവുമായാണ് ഇത്തവണത്തെ വിലാപം! കാര്യമറിയാത്തവരെയെല്ലാം ഒന്ന് സംശയിപ്പിക്കുന്ന ഒരു നോട്ടീസിന്റെ ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. എന്താണ് സംഭവം എന്നൊന്ന് പരിശോധിക്കാം..

ഏതാനും വർഷങ്ങൾക്ക് മുൻപാണ് കുറ്റിച്ചിറ കുളത്തിനു (ചിത്രം 1) ചുറ്റിലുമായി റമദാൻ കാലത്ത് രാത്രിയിൽ മാത്രം പ്രവർത്തിക്കുന്ന പലഹാര - സർബ്ബത്ത് കടകൾ ആരംഭിച്ചത്. നോമ്പ് തുറന്ന് സമീപ പ്രദേശത്തുള്ളവരെല്ലാം അവിടേക്കെത്താൻ തുടങ്ങി. പതിയേ ഈ കച്ചവടം വ്യാപിക്കുകയും പത്രങ്ങളിൽ പോലും 'പകലുവരെ നീളുന്ന' നോമ്പുകാല കച്ചവടത്തെ പറ്റി ഫീച്ചറുകൾ വരാനും തുടങ്ങി (ചിത്രം 2 - ഇന്ത്യൻ എക്സ്പ്രസിൽ വന്ന ഫീച്ചർ). ഇതോടെ മറ്റു ജില്ലകളിൽ നിന്നുപോലും ആളുകൾ ഇവിടേക്ക് എത്തിപ്പെടാൻ തുടങ്ങി.

അതോടെ പ്രശ്നങ്ങളും ആരംഭിക്കുകയായിരുന്നു. രാത്രി മുഴുവൻ ഇവിടം സജീവമാകുകയും മയക്കുമരുന്ന് ലഹരി ഉപയോഗം ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സമീപത്തുള്ള വീടുകളിലേക്ക് മദ്യക്കുപ്പികൾ എറിയുന്നത് തൊട്ട് സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാവുകയായിരുന്നു. തറാവീഹ് നിസ്കാരത്തിന് പള്ളിയിലേക്കടക്കം സ്ത്രീകൾ പുറത്തിറങ്ങാറുണ്ടായിരുന്നത് ഈ കച്ചവടത്തിന്റെ മറവിൽ തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം പേടിയോടെയാകുന്ന അവസ്ഥയുണ്ടായി.

അങ്ങനെയാണ് ഈ വിഷയം രാഷ്ട്രീയ സാമൂഹ്യ സംഘടനകളും പള്ളി കമ്മറ്റിക്കാരുമൊക്കെ ഏറ്റെടുക്കുന്നത്. (ചിത്രം 3 - ആം ആദ്മി പാർട്ടി യുവ ഘടകം പ്രവർത്തകൻ അവിടെയുള്ള പ്രശ്നങ്ങളെ പരാമർശിച്ച് 2015ൽ ഇട്ട ഫേസ്ബുക് പോസ്റ്റ്). അങ്ങനെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയടക്കം പരിഗണിച്ച് 2015ൽ കുറ്റിച്ചിറ കുളത്തിനു ചുറ്റുമുള്ള ഈ രാത്രികച്ചവടം നിർത്തലാക്കുകയായിരുന്നു (ചിത്രം 4 - 2015ലെ മനോരമ വാർത്ത)

എന്നാൽ ഇങ്ങനെ നിർത്തലാക്കിയ ഈ രാത്രിക്കച്ചവടം പിന്നീട് മുഖദാർ പള്ളിക്ക് സമീപമുള്ള ബീച്ച് റോഡിലേക്ക് മാറ്റി പഴയ പ്രശ്നങ്ങൾ വീണ്ടും തലപൊക്കാൻ തുടങ്ങിയപ്പോഴാണ് മുൻപ് ചെയ്തത് പോലെ എല്ലാ രാഷ്ട്രീയ - സാമൂഹ്യ സംഘടനകളും ചേർന്ന് ആ രാത്രിക്കച്ചവടം വേണ്ടെന്ന് സംയുക്തമായി തീരുമാനിച്ചത്.

ഇതാണ് സംഭവം. അതല്ലാതെ പകലോ രാത്രിയോ സാധാരണ ആ പ്രദേശത്തുള്ള ഒരു കടയും തുറക്കുന്നതിനെ പറ്റിയല്ല അത്. രാത്രികാലങ്ങളിൽ നോമ്പ് കാലത്ത് മാത്രമായി നടക്കുന്ന സ്‌പെഷ്യൽ തട്ടുകടകൾ സ്ത്രീകൾക്കും കുട്ടികൾക്കും പ്രദേശവാസികൾക്കും ഒരു ഭീഷണിയായപ്പോൾ എല്ലാവരും കൂടി എടുത്ത ഒരു തീരുമാനത്തെ ഇനിയെങ്കിലും 'ഷോഡാ കിട്ടാത്ത താലിബാൻ കോഴിക്കോടായി' അവതരിപ്പിക്കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. നോട്ടീസ് സത്യമാണെങ്കിൽ അതിൽ കാര്യങ്ങൾ വ്യക്തമായി എഴുതാമായിരുന്നു എന്ന ഒരപേക്ഷ ബന്ധപ്പെട്ടവരോടുമുണ്ട്.

വിവരങ്ങൾക്ക് കടപ്പാട് :മിഹ്റാന്‍ തല്‍ഹത്ത്, മറ്റ് കുറ്റിച്ചിറ ഭാഗത്തെ ഫേസ്ബുക്ക് സുഹൃത്തുക്കൾ

-അബ്ദുല്ലാ ബാസിൽ സി. പി

‘റമദാനില്‍ ഭക്ഷണം കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചിടണം’; സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്ന അറിയിപ്പിന് പിന്നിലെ സത്യാവസ്ഥയിതാണ്