LiveTV

Live

Kerala

മാണി സി.കാപ്പനെ എന്‍.സി.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് പൊട്ടിത്തെറികള്‍ക്ക് കാരണമാകും

നേതാക്കൾക്കിടയിലെ തർക്കം എന്‍.സി.പിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടും. 

മാണി സി.കാപ്പനെ എന്‍.സി.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് പൊട്ടിത്തെറികള്‍ക്ക് കാരണമാകും

കൂടിയാലോചനകൾ ഇല്ലാതെ പാലായിൽ മാണി സി.കാപ്പനെ എന്‍.സി.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് പാർട്ടിക്കുള്ളിലും ഇടത് മുന്നണിയിലും പൊട്ടിത്തെറികൾക്ക് കാരണമാകും. നേതാക്കൾക്കിടയിലെ തർക്കം എന്‍.സി.പിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടും. എൽ.ഡി.എഫും എന്തു നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്.

നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ എന്‍.സി.പിക്ക് എന്നും തലവേദനയാണ്. സംസ്ഥാന നേതൃത്വത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ചേരി തിരിഞ്ഞ് തന്നെ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ തോമസ് ചാണ്ടി അനുകൂലിക്കുന്നവർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനെതിരെ എതിർ വിഭാഗം എതിർപ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ അറിഞ്ഞാണ് മാണി സി.കാപ്പനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് എന്ന് പറയുമ്പോഴും എന്‍.സി.പി ക്കുള്ളിൽ ഇത് വലിയ പൊട്ടിത്തെറികൾക്ക് കാരണമായേക്കാം. ഉഴവൂർ വിജയന് പിന്തുണ നല്കിയിരുന്നവർ ഇത് അംഗീകരിക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് മറുവിഭാഗം പറയുന്നത്.

ഇടത് മുന്നണിയിലും ഇത് തർക്കങ്ങൾക്ക് കാരണമായേക്കാം . വിജയിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുമ്പോഴും കൂടിയാലോചനകൾ ഇല്ലാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ശരിയല്ലെന്നാണ് ജില്ലയിലെ എൽ.ഡി.എഫ് നേതാക്കൾ പറയുന്നത്. സംസ്ഥാന നേതൃത്വം ഇതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാൻ കാത്തിരിക്കുകയാണ് ഇവർ. അതുകൊണ്ട് തന്നെ നേരത്തെയുള്ള സ്ഥാനാർഥി പ്രഖ്യാപനം ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.