LiveTV

Live

Kerala

ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍; ഉടമയെ ചോദ്യം ചെയ്തു, കാര്‍ കസ്റ്റഡിയില്‍ എടുത്തു

അതേസമയം യുവാവിനെ കൗൺസിലിങ്ങിനു വിധേയനാക്കാൻ പൊലീസ് തീരുമാനിച്ചു.

ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍; ഉടമയെ ചോദ്യം ചെയ്തു, കാര്‍ കസ്റ്റഡിയില്‍ എടുത്തു

ഒസാമ ബിന്‍ലാദന്റെ ചിത്രം കാറില്‍ പതിച്ച യുവാവിനെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് ഭീകരന്റെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ചതെന്നാണ് യുവാവിന്റെ മൊഴി.

അതേ സമയം യുവാവിനെ കൗൺസിലിങ്ങിനു വിധേയനാക്കാൻ പൊലീസ് തീരുമാനിച്ചു. ഒസാമ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലം ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനയുടമായ പള്ളിമുക്ക് സ്വദേശിയായ വിദ്യാര്‍ഥിയെ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു.

പശ്ചിമബംഗാള്‍ രജിസ്ട്രേഷനിലുള്ള കാര്‍ ഒരു വര്‍ഷം മുന്‍പ് കൊല്ലത്ത് തന്നെയുള്ള ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നു വാങ്ങിയതാണെന്നാണ് യുവാവിന്റെ മൊഴി. സ്വയം നിര്‍മിച്ച ഒസാമ ബിന്‍ലാദന്റെ ചിത്രം സ്വന്തം ഇഷ്ടപ്രകാരമാണ് കാറില്‍ പതിച്ചത്. യുവാവിന്റെ കുടുംബ പശ്ചാത്തലവും ബന്ധങ്ങളും പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.

അതേസമയം വാഹനത്തിന്റെ ഉടമ ഇപ്പോഴും പശ്ചിമബംഗാള്‍ സ്വദേശിയാണ്. സി.ആർ.പി.സി 102-ാം വകുപ്പ് പ്രകാരം പൊലീസ് കാർ കസ്റ്റ‍ഡിയിൽ എടുത്തു. യുവാവിന് കാര്‍ വിറ്റ സുഹൃത്തിനെ ഉടന്‍ ചോദ്യം ചെയ്യും.