LiveTV

Live

Kerala

സ്വാതന്ത്ര്യ സമരത്തിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും നിർണായകമായ ഇടപെടലുകൾ നടത്തിയ നേതാവ്

നിരവധി തവണ ജയിൽവാസമനുഷ്ഠിച്ച അദ്ദേഹം 1987ൽ നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായി. 

സ്വാതന്ത്ര്യ സമരത്തിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും നിർണായകമായ ഇടപെടലുകൾ നടത്തിയ നേതാവ്

സ്വാതന്ത്ര്യ സമരത്തിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലും നിർണായകമായ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു വി.വിശ്വനാഥ മേനോൻ. നിരവധി തവണ ജയിൽവാസമനുഷ്ഠിച്ച അദ്ദേഹം 1987ൽ നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായി. എറണാകുളം മണ്ഡലത്തിൽ നിന്ന് സി.പി.എം ചിഹ്നത്തിൽ മൽസരിച്ച് പാർലമെന്റിലെത്തിയ ഏക വ്യക്തിയാണ് വിശ്വനാഥ മേനോൻ.

അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട‌് ലക്ഷ‌്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന‌് എറണാകുളത്താണ‌് വി.വിശ്വനാഥ മേനോൻ ജനിച്ചത‌്. എറണാകുളം ശ്രീരാമവർമ സ‌്കൂളിലും മഹാരാജാസ‌് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം. വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലും വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലും സജീവമായി.ആദ്യ സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ‌്ക്കൊപ്പം കൊച്ചി രാജാവിന്റെ പതാക കൂടി ഉയർത്തണം എന്ന സർക്കാർ ഉത്തരവിനെ വെല്ലുവിളിച്ച‌് രാജാവിന്റെ പതാക കത്തിച്ചതിനെ തുടർന്ന് മഹാരാജാസ് കോളേജിൽ നിന്ന‌ും പുറത്താക്കി. 1945ൽ ഇന്ത്യൻ കമ്യൂണിസ‌്റ്റ് പാർട്ടി അംഗമായി. 1950 ഫെബ്രുവരി 28 ന‌് ഇടപ്പളളി പൊലീസ‌് ആക്രമണത്തിൽ പങ്കാളിയായി. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി തവണ അറസ്റ്റ് വരിച്ചു. 1956 ൽ എറണാകുളം മുനിസിപ്പൽ കൗൺസിൽ അംഗമായ വിശ്വനാഥമേനോൻ പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. 1964 ൽ ചൈനീസ‌് ചാരനെന്ന് പേരിൽ അറസ്റ്റിലായി. 1967 ലെ പാർലമെന്റ‌്‌ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന‌് മുൻ കേന്ദ്രമന്ത്രി എ.എം തോമസിനെതിരെ പാർട്ടി സ്ഥാനാർഥിയായി മൽസരിച്ച‌് വിജയിച്ചു. 1971 ൽ നടന്ന പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 1974 ൽ രാജ്യസഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടു.

1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന‌് വിജയിച്ച‌് ഇ.കെ നായനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി. പിൽക്കാലത്ത‌് പാർട്ടിയുമായി തെറ്റിയ വിശ്വനാഥമേനോൻ 2003 ൽ ബി.ജെ.പി പിന്തുണയോടെ ലോക്സഭയിലേക്ക് മത്സരിച്ചു. പിന്നീട് ഇതിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം പാർട്ടിയിലേക്ക് മടങ്ങിയെത്തിയിരുന്നു.

Also read: മുന്‍മന്ത്രി വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു