LiveTV

Live

Kerala

‘വല്ല വാര്‍ക്കപ്പണിക്കും പോടാ’; പ്രതികരണങ്ങളോട്  വാര്‍ക്കപ്പണിക്കാരന്റെ മകന് പറയാനുള്ളത്

എല്ലാവരും തമാശയായും കാര്യമായും പറയുന്ന ഒരു കാര്യമാണ് പറ്റില്ലെങ്കില്‍ വല്ല വാര്‍ക്കപ്പണിക്കും പോടാ എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്.

‘വല്ല വാര്‍ക്കപ്പണിക്കും പോടാ’; പ്രതികരണങ്ങളോട്  വാര്‍ക്കപ്പണിക്കാരന്റെ മകന് പറയാനുള്ളത്

തൊഴിലാളി ദിനത്തിലെ യുവാവിന്റെ കുറിപ്പ് വൈറല്‍. ഏതൊരാളും നമ്മളോട് അപമര്യാദയായി പെരുമാറുകയോ പറഞ്ഞത് ചെയ്യാതിരിക്കുകയോ ചെയ്താല്‍ എല്ലാവരും തമാശയായും കാര്യമായും പറയുന്ന ഒരു കാര്യമാണ് പറ്റില്ലെങ്കില്‍ വല്ല വാര്‍ക്കപ്പണിക്കും പോടാ എന്ന്. എന്നാല്‍ വാര്‍ക്കപ്പണി അത്ര മോശം പണിയല്ല എന്നും ഏതൊരു ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്നും അതിന്റെ വില അറിയണമെങ്കില്‍ നമ്മള്‍ ആ പണി ചെയ്ത് നോക്കണം എന്ന് ഫേസ്ബുക്കിലെ തന്റെ പോസ്റ്റിലൂടെ പറയുകയാണ് ജിബിന്‍ ഫ്രാന്‍സിസ് എന്ന യുവാവ്. ഒരു പണിക്കും കൊള്ളാത്തവര്‍ക്ക് ചെയ്യാന്‍ പറ്റിയ പണിയല്ല വാര്‍ക്കപ്പണി, കാരണം ഒരു പണിക്കും കൊള്ളാത്തവര്‍ക്ക് ചെയ്യാന്‍ പറ്റിയ ഒരു പണിയും ഈ ലോകത്ത് ഇല്ല. എന്ന് പറഞ്ഞുകൊണ്ടാണ് ജിബിന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജിബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

"പറ്റില്ലെങ്കിൽ വെല്ല വർക്കപ്പണിക്കും പോടാ... "
കുറെയധികം നാളുകളായി സിനിമകളിലും സോഷ്യൽ മീഡിയകളിലും തമാശക്കായി അല്ലെങ്കിൽ ഒരു വ്യക്തിയെ കളിയാക്കാനായി ഉപയോഗിക്കുന്ന വാക്കുകൾ ആണിവ.
ഒരു പണിക്കും കൊള്ളാത്തവരെ നിങ്ങൾക്ക് പറ്റിയത് വർക്കപണിയാണ് എന്ന് പുച്ഛത്തോടെ വിളിച്ചു പറയുന്നതിലെ നർമ്മം എന്താണെന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല...

എന്റെ അപ്പച്ചൻ ഒരു വാർക്കപ്പണിക്കാരൻ ആയിരുന്നു. എന്നും വൈകുന്നേരം പണി കഴിഞ്ഞു വന്നു നാളെ തട്ട് അടിക്കാനും മറ്റും ആവശ്യമായ പലകയുടെയും സിമന്റിന്റെയും മറ്റും കണക്കുകൾ കൂട്ടിയും കിഴിച്ചുമൊക്കെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സിമന്റ് തേക്കുന്നതിനു എന്തിനാണ് ഇത്ര വലിയ കണക്ക് കൂട്ടൽ എന്ന് പറഞ്ഞു ഞാൻ ചെറുപ്പത്തിൽ അപ്പച്ചനെ ഒരുപാടു കളിയാക്കിയിട്ടുമുണ്ട്. പിന്നീടൊരിക്കൽ കോളേജിൽ പഠിക്കുന്ന സമയത്താണ് എന്നെ പഠിപ്പിക്കുന്ന ഒരു അധ്യാപകന്റെ വീട് അപ്പച്ചൻ പണിതതാണെന്ന് ഞാൻ അറിയുന്നത്. അദ്ദേഹത്തിന്റെ വീടിന്റെ പ്ലാനിൽ എൻജിനീയർ കാണാത്ത എന്തൊക്കെയോ കുഴപ്പങ്ങൾ കണ്ടെത്തിയതും അത് തിരുത്തിയതും കൂലിപ്പണിക്ക് വന്ന പണിക്കരാണ്. ആദ്യം എതിർത്തെങ്കിലും ഒടുവിൽ എൻജിനീയറിനു തന്റെ തെറ്റ് സമ്മതിക്കേണ്ടി വന്നു. അഭിമാനത്തോടെയാണ് സാറിൽ നിന്നും ഞാൻ ആ കഥ കേട്ടിരുന്നത്.

പൊള്ളുന്ന വെയിലിൽ നട്ടുച്ചക്ക് പോലും വീടിന്റെ തട്ടിൽ കയറി നിന്ന് അധ്വാനിക്കുന്ന, കോരി ചൊരിയുന്ന മഴയത് ബഹുനിലക്കെട്ടിടങ്ങൾക്ക് മുകളിൽ ഒരു സേഫ്റ്റിയുമില്ലാതെ പണിയെടുക്കുന്ന വർക്കപണിക്കാരും വർക്കപ്പണിയും തമാശയാക്കി ചിരിക്കുമ്പോൾ നിങ്ങൾ ഓർക്കുക നിങ്ങൾ ഇപ്പോൾ ഇരിക്കുന്ന ആ കെട്ടിടം തേച്ചു മിനുക്കിയതു ഒരുപാടു കെട്ടിട നിർമ്മാണ തൊഴിലാളികളുടെ വിയർപ്പും കൂടി കൊണ്ടാണെന്ന്.

ഒരു പണിക്കും കൊള്ളാത്തവർക്ക് ചെയ്യാൻ പറ്റിയ പണിയല്ല വാർക്കപ്പണി, കാരണം ഒരു പണിക്കും കൊള്ളാത്തവർക്ക് ചെയ്യാൻ പറ്റിയ ഒരു പണിയും ഈ ലോകത്ത് ഇല്ല സുഹൃത്തേ....
തൊഴിലെടുത്തു ജീവിക്കുന്ന എല്ലാവർക്കും തൊഴിലാളി ദിനാശംസകൾ...