LiveTV

Live

Kerala

ടി.പി ചന്ദ്രശേഖരന്‍ വധം: നിയമ പോരാട്ടങ്ങളില്‍ ഇന്നും ആര്‍.എം.പി

ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ 12 പേരെയായിരുന്നു എരഞ്ഞിപ്പാലം പ്രത്യേക കോടതി ശിക്ഷിച്ചത്

 ടി.പി ചന്ദ്രശേഖരന്‍ വധം: നിയമ പോരാട്ടങ്ങളില്‍ ഇന്നും ആര്‍.എം.പി

ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഏഴു വര്‍ഷമാകുമ്പോഴും കൊലപാതകത്തിനു പിന്നിലെ ഗൂഡാലോചനക്കാരെ കണ്ടെത്താനുള്ള നിയമ പോരാട്ടം തുടരുകയാണ് ആര്‍.എം.പി. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ മീഡിയാവണിനോട് പറഞ്ഞു. ടി.പി വധത്തിനു പിന്നിലെ യഥാര്‍ത്ഥ ഗൂഡാലോചനക്കാരെ കണ്ടെത്തുന്നതില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും രമ വ്യക്തമാക്കി.

ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ 12 പേരെയായിരുന്നു എരഞ്ഞിപ്പാലം പ്രത്യേക കോടതി ശിക്ഷിച്ചത്. ഇതില്‍ പതിനൊന്നു പേര്‍ക്കും ലഭിച്ചത് ജീവപര്യന്തം തടവ് ശിക്ഷയും. എന്നാല്‍ ഉന്നത സി.പി.എം നേതാക്കള്‍ കൊലപാതകത്തിനു പിന്നിലുണ്ടെന്നായിരുന്നു ആര്‍.എം.പിയുടെ ആരോപണം. അവരിലേക്ക് അന്വേഷണം എത്തിക്കുന്നതില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ് കെ.കെ രമ.

ഗൂഡാലോചനക്കാരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഏതായാലും നിയമപോരാട്ടം തുടരാന്‍ തന്നെയാണ് ആര്‍.എം.പിയുടെ തീരുമാനം.

ഇതിനു പുറമേ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നിയമവിരുദ്ധമായി സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നുവെന്നാരോപിച്ചും ആര്‍.എം.പി നിയമപോരാട്ടത്തിലാണ്.