LiveTV

Live

Kerala

എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള സമയം നീട്ടി

ഈ മാസം 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു

എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള സമയം നീട്ടി

എംപാനൽ ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ കെ.എസ്.ആർ.ടി.സിക്ക് 15ആം തിയ്യതി വരെ സാവകാശം അനുവദിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കെ.എസ്.ആർ.ടി.സി നല്‍കിയ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചത്.

1565 എംപാനല്‍ ഡ്രൈവര്‍മാരെ ഏപ്രില്‍ 30നകം പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. തുടര്‍ന്നാണ് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചത്. ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടാല്‍ അത് സർവ്വീസിനെയും കെ.എസ്.ആർ.ടിസിയുടെ നിലനിൽപ്പിനെയും ബാധിക്കുമെന്ന് കെ.എസ്.ആർ.ടി.സി നല്‍കിയ സാവകാശ ഹരജിയില്‍ പറഞ്ഞു.

സ്ഥിരം ജീവനക്കാരെ നിയമിക്കുന്നത് കോര്‍പറേഷന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാലാണ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി താല്‍കാലിക ജീവനക്കാരെ നിയമിച്ചത്. ഇതിന് കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ട്. വിധി നടപ്പാക്കാന്‍ ചുരുങ്ങിയത് മൂന്നാഴ്ചത്തെയെങ്കിലും സമയം ദീര്‍ഘിപ്പിച്ച് നല്‍കണമെന്നും കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഈ മാസം 15 വരെ സമയം അനുവദിച്ചത്. സുപ്രീംകോടതിയില്‍ പ്രത്യേക ഹരജി നൽകിയത് തിങ്കളാഴ്ച പരിഗണിക്കുമെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു.