LiveTV

Live

Kerala

മീണയുടെ നടപടി ഏകപക്ഷീയം; കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം നിയമ നടപടിയെന്ന് സി.പി.എം

സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുക്കാൻ കാട്ടിയ തിടുക്കം ലീഗ് പ്രവർത്തകർക്കെതിരെ ഉണ്ടായില്ലെന്നും സെക്രട്ടറിയേറ്റില്‍ അഭിപ്രായമുണ്ടായി.

 മീണയുടെ നടപടി ഏകപക്ഷീയം; കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം നിയമ നടപടിയെന്ന് സി.പി.എം

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സി.പി.എമ്മില്‍ ആലോചന. പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കള്ളവോട്ട് കേസിൽ മീണയുടേത് ഏകപക്ഷീയ നിലപാടാണെന്ന് സി.പി.എം വിലയിരുത്തി. സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുക്കാൻ കാട്ടിയ തിടുക്കം ലീഗ് പ്രവർത്തകർക്കെതിരെ ഉണ്ടായില്ലെന്നും സെക്രട്ടറിയേറ്റില്‍ അഭിപ്രായമുണ്ടായി.

കള്ളവോട്ട് കേസിൽ മീണയുടെ നിലപാടുകൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കള്ളവോട്ട് ആരോപണവും തുടർന്നുണ്ടായ നടപടികളും വിശദമായി ചർച്ച ചെയ്തു. മീണ ഏകപക്ഷീയമായി പെരുമാറിയെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. പിലാത്തറയില്‍ സി.പി.എം പ്രവർത്തർക്കെതിരെ കേസെടുക്കാൻ മീണ അമിത ഉത്സാഹം കാട്ടി. കുറ്റാരോപിതരുടെ വിശദീകരണം കേൾക്കാനോ മൊഴിയെടുക്കാനോ തയാറായില്ല. എന്നാൽ ലീഗ് പ്രവർത്തകരുടെ കാര്യം വന്നപ്പോൾ ഇതായിരുന്നില്ല മീണയുടെ സമീപനം. ലീഗ് പ്രവർ‌ത്തകർക്കെതിരേ തെളിവുകൾ സഹിതം പരാതി ഉണ്ടായിട്ടും അവരുടെ വിശദീകരണം കേട്ടു. ഇത് ഇരട്ടത്താപ്പാണെന്നും സി.പി.എം വിലയിരുത്തി.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ നിയമപരമായി നീങ്ങാനാണ് സി.പി.എം തീരുമാനം. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷമാകും മീണയ്ക്കെതിരെയുള്ള നിയമ നടപടികളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. മുസ്‍ലിം ലീഗിന്റെ കള്ളവോട്ട് വിവാദത്തിൽ പ്രചാരണം ശക്തമാക്കാനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.