LiveTV

Live

Kerala

കണക്കുകള്‍ കൃത്യമല്ല; യാക്കോബായ സഭയിലെ ആഭ്യന്തര കലഹം പുതിയ തലത്തിലേക്ക്

സഭയുടെ കണക്കുകള്‍ കൃത്യമല്ലെന്ന് ആരോപണം

കണക്കുകള്‍ കൃത്യമല്ല; യാക്കോബായ സഭയിലെ ആഭ്യന്തര കലഹം പുതിയ തലത്തിലേക്ക്

യാക്കോബായ സഭയിലെ ആഭ്യന്തര സംഘര്‍ഷം പുതിയ തലത്തിലേക്ക്. സഭയുടെ കണക്കുകള്‍ കൃത്യമല്ലെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. കാതോലിക്ക ബാവയുടെ പ്രായത്തെ ചൂഷണം ചെയ്ത് മുന്‍ഭരണ സമിതി അംഗങ്ങള്‍ വന്‍ ക്രമക്കേട് നടത്തിയെന്ന് വൈദിക ട്രസ്റ്റി ആരോപിച്ചു. വിദ്യാഭ്യാസ ട്രസ്റ്റിന്റെ ഓഡിറ്റ് ഉടന്‍ പൂര്‍ത്തിയാകുമെന്ന് ട്രസ്റ്റ് സെക്രട്ടറി ടി.യു കുരുവിള മീഡിയവണിനോട് പറഞ്ഞു.

സഭയുടെ ജനറല്‍ ഓഡിറ്റ് മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇതില്‍ തന്നെ ഗുരുതരമായ ക്രമക്കേടാണ് കണ്ടെത്തിയത്. 2007 മുതല്‍ 2018 വരെ കാലയളവില്‍ നീക്കിയിരുപ്പ് തുകയടക്കം 28 കോടി രൂപ 61 ലക്ഷം രൂപ വരവുണ്ടെന്നും അത്രതന്നെ ചിലവുണ്ടെന്നും യാതൊരു കണക്കുകളും സമര്‍പ്പിക്കാതെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുതിയ മാനേജിങ് കമ്മറ്റിക്ക് മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ടത്. പൂര്‍ണമല്ലാത്തതിനാലും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലും ഇത് റി ഓഡിറ്റിന് വിധേയമാക്കണമെന്ന ആവശ്യം മാനേജിങ് വര്‍ക്കിങ് കമ്മിറ്റി യോഗങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇത് പരിഗണിക്കാതെ യോഗം പിരിച്ചുവിടുകയാണ് സഭ അധ്യക്ഷനായ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ചെയ്തത്.

ഇന്ന് ചേരുന്ന യോഗത്തില്‍ വിദ്യാഭ്യാസ ട്രസ്റ്റിന്റെ ഓഡിറ്റ് പൂര്‍ത്തീകരിച്ച് കണക്കുകള്‍ ക്രമപ്പെടുത്താമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇന്നലെ ബാവയുടെ രാജി അംഗീകരിച്ചതോടെ യോഗം മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും ഓഡിറ്റ് പൂര്‍ത്തിയായിട്ടില്ലെന്ന് വിദ്യാഭ്യാസ ട്രസ്റ്റ് സെക്രട്ടറി തന്നെ സ്ഥിരീകരിച്ചു. ബാവയെ ചൂഷണം ചെയ്ത് മുന്‍ഭരണസമിതി അംഗങ്ങള്‍ സഭയെ തകര്‍ക്കുകയാണെന്ന് വൈദിക ട്രസ്റ്റ് ഫാദര്‍ സ്ലീബാ പോള്‍ വട്ടവേലി ആരോപിച്ചു.