LiveTV

Live

Kerala

കെവിന്റേത് ദുരഭിമാന കൊലയാണെന്ന് ആവര്‍ത്തിച്ച് നീനു

കെവിന്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍ ഒപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അച്ഛന്‍ ചാക്കോ ഭീഷണിപ്പെടുത്തിയെന്നും നീനു പാലാ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി

കെവിന്റേത് ദുരഭിമാന കൊലയാണെന്ന് ആവര്‍ത്തിച്ച് നീനു

കെവിന്റേത് ദുരഭിമാന കൊലയാണെന്ന് ആവര്‍ത്തിച്ച് ഭാര്യ നീനു. കെവിന്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍ ഒപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അച്ഛന്‍ ചാക്കോ ഭീഷണിപ്പെടുത്തിയെന്നും നീനു പാലാ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. നീനുവുമായുള്ള പ്രണയത്തിന്റെ പേരില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.

കെവിന്‍ കേസിലെ ക്രോസ് വിസ്താരം നടക്കുന്ന കോടതിയിലാണ് അച്ഛനും സഹോദരനുമാണ് കെവിന്റെ മരണത്തിന് പിന്നിലെന്ന് നീനു ആവര്‍ത്തിച്ചത്. കെവിൻ താഴ്ന്ന ജാതിക്കാരനാണെന്നും ഒപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നും അച്ഛന്‍ ഗാന്ധിനഗർ സ്റ്റേഷനിൽ എസ്.ഐയുടെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തി. കെവിനെ വിവാഹം കഴിച്ചാൽ അത് അഭിമാനത്തിന് കോട്ടം തട്ടും എന്ന് വിചാരിച്ചാണ് തട്ടികൊണ്ട് പോയത്. കെവിൻ മരിക്കാൻ കാരണം എന്റെ അച്ഛനും സഹോദരനുമാണ്. കെവിന്റെ അച്ഛനേയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് കെവിന്റെ വീട്ടില്‍ തന്നെ താസമിക്കുമെന്നും നീനു കോടതിയില്‍ പറഞ്ഞു.

എസ്.ഐ കെവിനെ കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തിയെന്നും അച്ഛന്‍ ചാക്കോയൊടൊപ്പം പോകാൻ ആവശ്യപ്പെട്ടുവെന്നും നീനു കോടതിയെ അറിയിച്ചു. സമ്മതിക്കാതിരുന്നപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തു. കെവിനൊപ്പം ജീവിക്കാനാണ് വീട് വിട്ട് ഇറങ്ങിയതെന്നും നീനു പാലാ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. കേസിലെ രണ്ടാം പ്രതി നിയാസും ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനു കോടതിയെ അറിയിച്ചു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്റ വാദം ശരിവെയ്ക്കുന്ന മൊഴിയാണ് ബന്ധുക്കളും കോടതിയില്‍ നൽകിയത്.