LiveTV

Live

Kerala

പാനായിക്കുളം: ഫ്രറ്റേണിറ്റി മൂവ്മെന്റിന്‍റെ പരിപാടിക്ക് അനുമതി നിഷേധിച്ചു 

പാനായിക്കുളം കേസിലെ അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ പശ്ചാത്തലത്തിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ‘പാനായിക്കുളം കേസ്- ഭരണകൂടത്തോട് പറയാനുള്ളത്’ എന്ന തലക്കെട്ടില്‍ പരിപാടി നടത്താന്‍ തീരുമാനിച്ചത്

പാനായിക്കുളം: ഫ്രറ്റേണിറ്റി മൂവ്മെന്റിന്‍റെ പരിപാടിക്ക് അനുമതി നിഷേധിച്ചു 

പാനായിക്കുളം കേസുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്താനിരുന്ന പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ‘പാനായിക്കുളം കേസ്- ഭരണകൂടത്തോട് പറയാനുള്ളത്’ എന്ന തലക്കെട്ടില്‍ ആണ് എറണാകുളത്ത് പരിപാടി നിശ്ചയിച്ചിട്ടുള്ളത്. വിഷയം തീവ്ര സ്വഭാവത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് അറിയിച്ചു.

പാനായിക്കുളം സിമി ക്യാമ്പ് കേസിലെ അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ പശ്ചാത്തലത്തിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് 'പാനായിക്കുളം കേസ്- ഭരണകൂടത്തോട് പറയാനുള്ളത്' എന്ന തലക്കെട്ടില്‍ പരിപാടി നടത്താന്‍ തീരുമാനിച്ചത്. പരിപാടിക്ക് മൈക്ക് ഉപയോഗിക്കാന്‍ ബിനാനിപുരം പൊലീസ് സ്റ്റേഷനില്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും നിരസിച്ചു. തീവ്രസ്വഭാവത്തിലുള്ള വിഷയത്തില്‍ പരിപാടി നടത്തിയാല്‍ ക്രമസമാധാനഭംഗം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് ആലുവ ഡി.വൈ.എസ്.പിയെ സമീപിച്ചുവെങ്കിലും നിലപാട് ആവര്‍ത്തിച്ചു.

ഭരണകൂട സംവിധാനങ്ങളോട് ജനാധിപത്യപരമായ വിമര്‍ശനം പോലും ഉന്നയിക്കാന്‍ പാടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കള്‍ അറിയിച്ചു. മുന്‍പ് നിശ്ചയിച്ച പ്രകാരം നാളെ വൈകുന്നേരം 4.30ന് തന്നെ പരിപാടി നടത്താനാണ് സംഘടനയുടെ തീരുമാനം.