LiveTV

Live

Kerala

തളിപ്പറമ്പില്‍ കളളവോട്ട്: കൂടുതല്‍ ദൃശ്യങ്ങള്‍ എല്‍.ഡി.എഫ് പുറത്ത് വിട്ടു

അഞ്ച് പേര്‍ ഒന്നിലധികം വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

തളിപ്പറമ്പില്‍ കളളവോട്ട്: കൂടുതല്‍ ദൃശ്യങ്ങള്‍ എല്‍.ഡി.എഫ് പുറത്ത് വിട്ടു

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തളിപ്പറമ്പ് പാമ്പുരുത്തിയില്‍ കളളവോട്ട് നടന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ എല്‍.ഡി.എഫ് പുറത്ത് വിട്ടു. അഞ്ച് പേര്‍ ഒന്നിലധികം വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ലീഗ് പ്രവര്‍ത്തകരാണ് കളളവോട്ട് ചെയ്യുന്നതെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ ലീഗ് സ്വാധീന കേന്ദ്രങ്ങളില്‍ വ്യാപകമായി കളളവോട്ട് നടന്നതായി കഴിഞ്ഞ ദിവസം സി.പി.എം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളില്‍ കളളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സി.പി.എം പുറത്ത് വിട്ടത്. ഇവിടുത്തെ 166ആം നമ്പര്‍ ബൂത്തില്‍ അഞ്ച് പേര്‍ ഒന്നിലധികം വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുളളത്.

അനസ് കെ, മുബഷീര്‍, സാദിഖ്, മുസ്തഫ, മര്‍ഷാനദ് എന്നിവര്‍ പല തവണ വോട്ട് രേഖപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുബഷീര്‍, സാദിഖ് എന്നിവര്‍ വിവിധ സമയങ്ങളില്‍ വസ്ത്രം മാറ്റിയെത്തിയാണ് വോട്ട് ചെയ്യുന്നത്. കളളവോട്ട് ചെയ്യുന്നത് ലീഗ് പ്രവര്‍ത്തകരാണെന്നും പാമ്പുരുത്തിയില്‍ മാത്രം 28 പ്രവാസികളുടെ വോട്ടുകള്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ടെന്നും സി.പി.എം ആരോപിച്ചു. എന്നാല്‍ കളളവോട്ട് ആരോപണം ലീഗ് നേതൃത്വം നിഷേധിച്ചു.