LiveTV

Live

Kerala

കുട്ടികള്‍ ലെയ്‍സ് വേണ്ടായെന്ന് വെക്കുമ്പോള്‍....

ലെയ്‍സ് വേണ്ടായെന്ന് വെക്കണമെന്ന് ഈ കുട്ടികളോട് ആരും പറഞ്ഞതല്ല.... പിന്നെ....?

കുട്ടികള്‍ ലെയ്‍സ് വേണ്ടായെന്ന് വെക്കുമ്പോള്‍....

''ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തിലെ കര്‍ഷകരോട് കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം ചോദിച്ച പെപ്‍സികൊ കമ്പനിയുടെ LAYS ഇനി ഞങ്ങള്‍ കഴിക്കില്ല, നിങ്ങളോ?''

ഈ ചോദ്യം സോഷ്യല്‍ മീഡിയയിലൂടെ നമ്മളോട് ചോദിച്ചിരിക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളാണ്... എന്തിനാണ് പെപ്‍സികോ കമ്പനി ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തിലെ കര്‍ഷകരോട് കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം ചോദിച്ചത്?

മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളിലൊന്നും ഇതുസംബന്ധിച്ച വാര്‍ത്ത വന്നിരുന്നില്ല. ഹിന്ദു ദിനപത്രത്തില്‍ ഏപ്രില്‍ 25 നാണ് അങ്ങനെയൊരു വാര്‍ത്ത വന്നത്. ലെയ്‍സിനു വേണ്ടി കൃഷി ചെയ്യുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്നതിന്‍റെ പേരില്‍ 9 കർഷകര്‍ ഓരോരുത്തരും 1.05 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞ് ലെയ്‍സ് കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നു എന്നും തുടര്‍ന്ന് ഈ ഉരുളന്‍കിഴങ്ങ്, കൃഷി ചെയ്യുന്നതും വില്‍പന നടത്തുന്നതും താല്‍കാലികമായി തടഞ്ഞുകൊണ്ട് ഗുജറാത്തിലെ കര്‍ഷകര്‍ക്ക് അഹമ്മദാബാദ് കോടതി നോട്ടീസ് അയച്ചിരിക്കുന്നു എന്നുമായിരുന്നു ആ വാര്‍ത്ത.

കുട്ടികള്‍ ലെയ്‍സ് വേണ്ടായെന്ന് വെക്കുമ്പോള്‍....

ദേശീയതലത്തില്‍ തന്നെ വന്‍ പ്രതിഷേധമാണ് തുടര്‍ന്ന് പെപ്‍സികോ കമ്പനിക്കെതിരെ ഉയര്‍ന്നത്. #boycottLays, സ്റ്റാന്‍ഡ് വിത്ത് ഔര്‍ ഫാര്‍മേഴ്‌സ് തുടങ്ങി കര്‍ഷകര്‍ക്കായി സോഷ്യല്‍മീഡിയകളില്‍ ശക്തമായ ക്യാമ്പയിനുകള്‍ തന്നെ നടന്നു. അതോടെ, ജനവികാരം തങ്ങള്‍ക്കെതിരെയാകുന്നുവെന്ന് മനസ്സിലാക്കിയ പെപ്‌സികോ, കര്‍ഷകര്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന നിലപാടിലെത്തി. ലെയ്‌സുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഉരുളക്കിഴങ്ങ് കൃഷി കര്‍ഷകര്‍ അവസാനിപ്പിക്കണമെന്നാണ് അഹമ്മദാബാദിലെ സിവില്‍ കോടതിയില്‍ പെപ്‌സികോ അഭിഭാഷകന്‍ പകരം മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് ഉപാധി. അതായത്, തങ്ങള്‍ ലെയ്‌സിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തരത്തിലുള്ള ഉരുളകിഴങ്ങുകള്‍ ഇനി കൃഷി ചെയ്യില്ലെന്ന് കര്‍ഷകര്‍ ഉറപ്പുനല്‍കണം. നിലവില്‍ ഉത്പാദിപ്പിച്ച ഉരുളകിഴങ്ങുകള്‍ നശിപ്പിക്കുകയോ പെപ്‌സികോയുടെ സഹകരണത്തോടെയുള്ള കാര്‍ഷിക പരിപാടിയില്‍ പങ്കാളിയായി ഉത്പന്നങ്ങള്‍ കമ്പനിക്ക് വില്‍ക്കുകയോ ചെയ്യാം. കമ്പനിയില്‍ നിന്ന് ഉപാധി അനുസരിച്ച് വിത്തുകള്‍ വാങ്ങുകയും കൃഷി ചെയ്ത് ഉത്‍പന്നം കമ്പനിക്ക് തന്നെ വില്‍ക്കുകയും ചെയ്യാവുന്നതാണ്. ജൂണ്‍ 12ന് ആണ് അഹമ്മദാബാദ് കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കുന്നത്. അപ്പോഴേക്കും തീരുമാനം അറിയിക്കാമെന്നാണ് കര്‍ഷകരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് 64ാം സെക്ഷന്‍ (PPV&FRA) പ്രകാരമാണ് പെപ്‌സികോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആ ആക്ട് പ്രകാരം എഫ്എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ടാണ് പെപ്‌സികോ നിയമനടപടികള്‍ സ്വീകരിച്ചത്. അനുമതിയില്ലാതെ ഈ തരത്തിലുള്ള ഉരുളകിഴങ്ങ് കൃഷി ചെയ്‌തെന്നാണ് കര്‍ഷകര്‍ക്കെതിരെ ആരോപിച്ച കുറ്റം. ഇതേ ആക്ടിലെ 39ാം വകുപ്പ് ഉപയോഗിച്ചു തന്നെയാണ് ഗുജറാത്തിലെ കര്‍ഷകരും തങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തി കോടതിയില്‍ മറുവാദം നടത്തിയത്.

കുട്ടികള്‍ ലെയ്‍സ് വേണ്ടായെന്ന് വെക്കുമ്പോള്‍....

നമ്മുടെ മുഖ്യധാര മാധ്യമങ്ങളൊന്നും കൊടുക്കാതെ വിട്ട വാര്‍ത്ത, വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയായത്.. അങ്ങനെയാണ് നമ്മുടെ കുഞ്ഞുങ്ങളും #boycottLays എന്ന കാമ്പയിനിന്‍റെ ഭാഗമായത്.. കേരളത്തില്‍ സോഷ്യല്‍മീഡിയകളിലൂടെ #boycottLays ആഹ്വാനത്തിന് തുടക്കമിട്ടത് മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഷഫീഖ് സുബൈദ ഹക്കീമാണ്... കര്‍ഷകരും, കര്‍ഷകര്‍ക്ക് നേരെ ലെയ്‍സില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന തൂക്കു കയറും, പെപ്‍സികോ കമ്പനി കര്‍ഷകരോട് കാണിച്ച ക്രൂരതയെ പ്രതീകാത്മകമായി ചിത്രീകരിക്കാന്‍ ഇതിലും നല്ലൊരു ചിത്രം വേറെയില്ലായിരുന്നു.. സോഷ്യല്‍മീഡിയയിലൂടെ വന്‍ പ്രചാരമാണ് ഷഫീഖ് വരച്ച ആ ചിത്രത്തിന് ലഭിച്ചത്... ഷഫീഖ് സംസാരിക്കുന്നു.

''സത്യത്തില്‍ ആ വാര്‍ത്ത ഞാനറിയുന്നത് ഒരു ട്രെയിന്‍ യാത്രയ്ക്കിടെയാണ്... മൊബൈലില്‍ തന്നെയാണ് അങ്ങനെയൊരു ചിത്രം വരച്ച് എഫ്ബി.യില്‍ പോസ്റ്റ് ചെയ്യുന്നത്.. പിന്നീടാണ്, വിത്തുനിയമത്തെ കുറിച്ചും പേറ്റന്‍റ് നിയമത്തെ കുറിച്ചും പഠിച്ച വ്യക്തികള്‍ തങ്ങള്‍ക്കറിയുന്ന വിവരങ്ങള്‍ ഫെയ്‍സ്ബുക്കിലൂടെ പങ്കുവെക്കുന്നത്.

ആദ്യം മലയാളത്തിലെ മാധ്യമങ്ങളൊന്നും വിഷയം ഏറ്റെടുക്കാന്‍ തയ്യാറല്ലായിരുന്നു. എന്നിലേക്ക് ആ വാര്‍ത്തയെത്തുന്നതുതന്നെ ഒരു സുഹൃത്തിന്‍റെ ഫെയ്‍സ്ബുക്ക് പോസ്റ്റായിട്ട് ഷെയര്‍ ചെയ്യപ്പെട്ടാണ്. ഒരു ഒമ്പത് കര്‍ഷകരുടെ ജീവിതത്തിന്‍റെ മാത്രം പ്രശ്നമല്ല ഇത്. കാരണം ഒന്നോ രണ്ടോ ആഴ്ചകള്‍ക്കൊണ്ട് ഈ കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേന്ദ്രതലത്തില്‍ തന്നെ പരിഹരിക്കപ്പെട്ടേക്കാം... അത്രയ്ക്കുണ്ട്, സര്‍ക്കാരിന് മേല്‍ ഉയരുന്ന സമ്മര്‍ദ്ദം. ഇപ്പോള്‍ തന്നെ കേസ് ഭാഗികമായി പെപ്സികോ ഒഴിവാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം വേണ്ട എന്നേ അവര്‍ പറഞ്ഞിട്ടുള്ളൂ.. പക്ഷേ ഇത് തങ്ങളുടെ തൊഴിലാളികള്‍ മാത്രമേ ഉത്‍പാദിപ്പിക്കാവൂ, കര്‍ഷകര്‍ ക‍ൃഷി ചെയ്യാന്‍ പാടില്ലെന്ന നിബന്ധന അവര്‍ പിന്‍വലിച്ചിട്ടില്ല. കര്‍ഷകരുടെ ജീവിതം മുട്ടിപ്പോയി എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്തുകൊണ്ട് കര്‍ഷകരുടെ ജീവിതം മുട്ടിപ്പോയി അതാരും ചിന്തിക്കുന്നില്ല.

കുട്ടികള്‍ ലെയ്‍സ് വേണ്ടായെന്ന് വെക്കുമ്പോള്‍....

പേറ്റന്‍റിനെ പറ്റി കേരളത്തിലാര്‍ക്കും തന്നെ ഒരു ധാരണയുമില്ല എന്നതാണ് സത്യം. ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നുമില്ല... 2005 ലാണ് കേരളത്തില്‍ പേറ്റന്‍റ് മാറ്റം വരുന്നത്. ആ സമയത്ത് അതിനെതിരെ പ്രതികരിച്ച ഒരു സംഘടന SUCI മാത്രമാണ്. അവരതിനെകുറിച്ച് കൃത്യമായും വ്യക്തമായും പഠിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. അന്നേ അവര്‍ പറഞ്ഞിരുന്നു ഇത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഇന്ത്യയിലെ കാര്‍ഷിക മേഖലയെയും മെഡിക്കല്‍ സംവിധാനങ്ങളെയുമാണെന്ന്.

മുമ്പ് നമ്മുടെ ഇന്ത്യയിലുണ്ടായിരുന്നത് പ്രോസസ് പേറ്റന്‍റ് ആയിരുന്നു. അതായത് ഒരേ ഉത്‍പന്നം ഉത്‍പാദിപ്പിക്കാം. പക്ഷേ, പേറ്റന്‍റ് എടുത്ത പ്രോസസിലാവരുതെന്ന് മാത്രം... ഉദാഹരണത്തിന് കാന്‍സറിനൊക്കെയുള്ള മരുന്നുകള്‍, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ വന്‍ സാങ്കേതികവിദ്യയിലും വന്‍ ചെലവിലുമാണ് ഉത്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഏഷ്യന്‍ രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളും ഇത്തരം മരുന്നുകള്‍ക്ക് ആശ്രയിക്കുന്നത് ഇന്ത്യയെ പോലുള്ള രാജ്യങ്ങളെയാണ്. അതേ മരുന്നുകള്‍ കുറഞ്ഞ ചെലവില്‍ നമ്മള്‍ ഉണ്ടാക്കിയെടുക്കുന്നു എന്നതാണ് നമ്മുടെ പ്രത്യേകത. അതുകൊണ്ടുതന്നെ നമ്മുടെ മെഡിസിനുകളുടെ വില വളരെ കുറവായിരിക്കും. പക്ഷേ, ഈ പ്രോസസ് പേറ്റന്‍റ് 2005 ല്‍ ഇന്ത്യ പ്രൊഡക്ട് പേറ്റന്‍റായി മാറ്റി. അതോടുകൂടി, ഏത് പ്രക്രിയയിലായാലും പ്രൊഡക്ട് അതിന്‍റെ പേറ്റന്‍റ് എടുത്ത കമ്പനിക്ക് മാത്രമേ നിര്‍മ്മിക്കാന്‍ കഴിയൂ എന്ന സ്ഥിതി വന്നു. അപ്പോള്‍ പിന്നെ ആ ഉത്‍പന്നം ലഭിക്കാന്‍ മറ്റൊരു ആശ്രയം ഇല്ലാതെയായി. ഉരുളക്കിഴങ്ങ്, കറിവേപ്പില, വേപ്പ് തുടങ്ങിയ വസ്തുക്കളുടെ ജനിത ഘടനയിലൊക്കെ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ട് അവരുടെ പ്രൊഡക്ട് ആയിട്ട് മാറ്റുകയാണ് കമ്പനികള്‍. എന്നിട്ട് സര്‍ക്കാരുമായി ബന്ധപ്പെട്ട് പേറ്റന്‍റ് നേടിയെടുക്കുകയും ചെയ്യുകയാണ്. അതോടുകൂടി ആ വിളകളൊന്നും തന്നെ കര്‍ഷകര്‍ക്കോ, സാധാരണക്കാര്‍ക്കോ ഉത്‍പാദിപ്പിക്കാന്‍ കഴിയാതെയകുന്നു.. അതൊരു സീരിയസ് ഇഷ്യൂ ആണ്... ഇതിന്‍റെ ഒരു ഇരയാണ് കര്‍ഷകര്‍. അല്ലാതെ പെട്ടെന്നൊരു ദിവസം കര്‍ഷകര്‍, ഏതെങ്കിലും കുത്തക കമ്പനികള്‍ പേറ്റന്‍റ് എടുത്ത വിളകള്‍ ഉത്‍പാദിപ്പിക്കാന്‍ തുടങ്ങുകയല്ല.

ഇന്ത്യ എന്ന് പറയുന്നത് കുത്തകകളെ സംബന്ധിച്ച് രണ്ടാമത്തെ വലിയ മാര്‍ക്കറ്റ് ആണ്. ഒന്നാമത്തെ മാര്‍ക്കറ്റ് ചൈനയാണ്. അതായത് മാര്‍ക്കറ്റ് എന്ന് പറയുന്നത് പോപ്പുലേഷനാണ്. ഈ രണ്ട് രാജ്യങ്ങളുടെയും പര്‍ച്ചേസിംഗ് പവറും വളരെ വലുതാണ്. ഇവിടുത്തെ മാര്‍ക്കറ്റില്‍ ഒരു ഇളക്കം തട്ടുക എന്ന് പറഞ്ഞാല്‍ സ്വഭാവികമായും ഇത്തരം കുത്തകകളെ വലിയ രീതിയില്‍ ബാധിക്കും. അങ്ങനെയാണ് ഇത്തരമൊരു ആശയത്തിലേക്ക് ഞങ്ങള്‍ എത്തുന്നത്.

കുട്ടികള്‍ ലെയ്‍സ് വേണ്ടായെന്ന് വെക്കുമ്പോള്‍....

സത്യത്തില്‍ ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത് കര്‍ഷകര്‍ തന്നെയാണ്. അതായത് ഇതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന കര്‍ഷകരോട് ഐക്യപ്പെടുന്ന സംഘടനകള്‍ എല്ലാം #Boycottpepcyco എന്ന് ആശയവുമായെത്തി. അവരാണ് സോഷ്യല്‍ മീഡിയ കാമ്പയിന് തുടക്കം കുറിക്കുന്നത്. മലയാളികളുടെ ഇടയില്‍ സോഷ്യല്‍മീഡിയയിലുടെ ഈ വാര്‍ത്ത എത്തിക്കുക അത്രയേ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. വ്യക്തിപരമായി ഞങ്ങള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് അതോടെ എത്തിയിരിക്കുന്നത്. പേറ്റന്‍റ് നിയമം, വിത്തുനിയമം ഇതുമായി ബന്ധപ്പെട്ടൊക്കെ അറിയാവുന്ന അറിവുകള്‍ പലരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാന്‍ തുടങ്ങി.

ഇത് പെപ്‍സികോ ഡെവലപ്പ് ചെയ്ത ഒരു വിത്തല്ലേ, അത് കര്‍ഷകര്‍ നടുന്നത് മോശമല്ലേ എന്നൊക്കെയുള്ള ഒരു സംശയം ചിലരിലെങ്കിലും ഉയര്‍ന്നു വന്നിരുന്നു. പേറ്റന്‍റിനെ കുറിച്ചുള്ള ഒരു ധാരണ സാധാരണക്കാരിലേക്ക് ഇനിയും എത്തിയിട്ടില്ല എന്നതിന് തെളിവാണത്. നാളെ നമ്മുടെ തൊടിയിലുള്ള ചക്കയും മാങ്ങയും കറിവേപ്പില വരെയും അവര്‍ പേറ്റന്‍റ് എടുത്തുകൊണ്ട് പോകും. അത് വളരെ എളുപ്പമാക്കുന്ന നിയമസംവിധാനങ്ങളാണ് 1999 ന് ശേഷം ഇന്ത്യയിലുള്ളത്. ഇതിലെ ഒരു നൈതിക പ്രശ്നമോ, രാഷ്ട്രീയ പ്രശ്നമോ സാധാരണക്കാര്‍ മനസ്സിലാക്കുന്നില്ല. ഇത് സാധാരണക്കാരെ മനസ്സിലാക്കിക്കാന്‍ നമ്മുടെ ഇടതുപക്ഷ സംഘടനകള്‍ക്കൊന്നും സാധിച്ചിട്ടില്ല... കാരണം അവരും അതേ പാതയിലാണ്. ഈ പറഞ്ഞ പേറ്റന്‍റ് നിയമം 2005 ലാണ് നിലവില്‍ വരുന്നത്. ഇതിനെ വിമര്‍ശിച്ചുകൊണ്ട് എത്രമാത്രം ഇടതുപക്ഷ സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. മുഖ്യധാര ഇടതുപക്ഷ സംഘടനകളൊന്നും തന്നെ ഇത് സംബന്ധിച്ച പഠനങ്ങള്‍ മുന്നോട്ടു വെക്കുവാനോ ജനങ്ങളിലേക്ക് ഇതിന്‍റെ പ്രശ്നങ്ങള്‍ എത്തിക്കുവാനോ ശ്രമിച്ചിട്ടില്ല. കുത്തകവിരുദ്ധ നിലപാടുകളെന്നാണല്ലോ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിലുള്‍പ്പടെ അവര്‍ അങ്ങനെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വര്‍ഗീയത മാത്രമല്ല അവര്‍ മുന്നോട്ടുവെക്കുന്നത്.

കുട്ടികള്‍ ലെയ്‍സ് വേണ്ടായെന്ന് വെക്കുമ്പോള്‍....

ലെയ്‍സ് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാം, എന്നാലും കുട്ടികള്‍ക്ക് ഇഷ്ടമാണ് അതുകൊണ്ട് വാങ്ങിനല്‍കുന്നു... വെറും ആരോഗ്യവാദവും ശരീരവാദവും ഉയര്‍ത്തിയല്ല ഇത്തരം കുത്തകകളെ നിയന്ത്രിക്കേണ്ടത്. കുത്തകകള്‍ നിര്‍മ്മിക്കുന്ന എല്ലാ പ്രൊഡക്ടുകളും ബഹിഷ്കരിക്കണം എന്നുമല്ല. എന്തുകൊണ്ട് നമ്മള്‍ ഒരു സാധനത്തെ ബഹിഷ്കരിക്കണം എന്നതിന് കൃത്യമായ കാരണം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അത് നമ്മുടെ ആരോഗ്യത്തിന്‍റെ പ്രശ്നമല്ല, മറിച്ച് നമ്മുടെ തന്നെ ജീവിതത്തിന്‍റെ പ്രശ്നമാണ്, അത് ഒരു രാഷ്ട്രീയപ്രശ്നമായിട്ടുകൂടി മനസ്സിലാക്കുമ്പോള്‍ മാത്രമാണ് അതിനെ യഥാര്‍ത്ഥത്തില്‍ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ.. വെറും ആരോഗ്യവാദം ഉയര്‍ത്തി മാത്രമൊന്നും നമുക്കതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല... ലോക മുതലാളിത്തവും ലോക മൂലധനവും നമ്മള്‍ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെയാണ് ചൂഷണം ചെയ്യുന്നതെന്നും അതിലേക്ക് എങ്ങനെയാണ് അത് കടന്നുവരുന്നതെന്നും നമ്മള്‍ ഇനിയും ആളുകളിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു. അതിന് വേണ്ടിയുള്ള കാമ്പയിനുകള്‍ക്ക് തുടക്കം കുറിക്കേണ്ടിയിരിക്കുന്നു.

കുട്ടികള്‍ ലെയ്‍സ് വേണ്ടായെന്ന് വെക്കുമ്പോള്‍....

അതേ, അത് നമ്മള്‍ രക്ഷിതാക്കളില്‍ നിന്നു തന്നെയാണ് നമ്മുടെ കുഞ്ഞുങ്ങള്‍ ഈ ലോകത്ത് എന്ത് നടക്കുന്നുവെന്ന് അറിയേണ്ടത്.. ലെയ്‍സ് വേണ്ടായെന്ന് വെക്കണമെന്ന് ഈ കുട്ടികളോട് ആരും പറഞ്ഞതല്ല, അത് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ചര്‍ച്ചകള്‍ എല്ലാം കേട്ടതോടെ അവര്‍ തന്നെ അവരുടെ മാതാപിതാക്കളോട് പറഞ്ഞ തീരുമാനമാണ്... കുട്ടികളുടെ മനസ്സ് അങ്ങനെയാണ്.. അവര്‍ക്ക് സാധാരണക്കാരോടും കര്‍ഷകരോടും പെട്ടെന്ന് ഐക്യപ്പെടാന്‍ കഴിയും.. പറഞ്ഞുകൊടുക്കേണ്ട രീതിയില്‍ എന്തും പറഞ്ഞുകൊടുത്താല്‍, എത്ര ചെറിയ കുട്ടികളാണെങ്കിലും അവരുടെ രാഷ്ട്രീയബോധം പുറത്തുവരും.. അവരതില്‍ ഇടപെടും... മറ്റൊന്ന് ലെയ്‍സ് പോലുള്ള ഒരു ഉത്‌പന്നത്തിന്‍റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ യൂത്തും കുട്ടികളുമാണ്.. വിദ്യാര്‍ത്ഥികളുമാണ്... അതോടെ വലിയൊരു മാര്‍ക്കറ്റാണ് കമ്പനിക്ക് നഷ്ടമാവാന്‍ പോകുന്നത്. അതൊരു വലിയ രാഷ്ട്രീയ ഇടപെടലാണ്. രാഷ്ട്രീയമില്ലെന്ന് പറഞ്ഞാണ് പലരും പുതുതലമുറയെ അവഗണിക്കുന്നത്. കുട്ടികള്‍ തന്നെയാണ് ഞങ്ങള്‍ക്കുമുന്നിലേക്ക് അങ്ങനൊരു ആശയം മുന്നിലേക്ക് ഇട്ടുതരുന്നത്. നിരവധി പേരാണ് ഇപ്പോള്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നത്.. ഇതെന്‍റെ കുഞ്ഞാണ്, ലെയ്‍‍സ് ഇനി കഴിക്കില്ലെന്ന് പറയുന്നുണ്ട് എന്ന് പറഞ്ഞ് കുട്ടികളുടെ ഫോട്ടോയുമായി നിരവധി പേരാണ് ചാറ്റിലും കമന്‍റിലും വന്നുകൊണ്ടിരിക്കുന്നത്.’’

എന്താണ് PPV&FR Act?
Also Read

എന്താണ് PPV&FR Act?

‘ബോയ്ക്കോട്ട് പെപ്സിക്കോ’; സോഷ്യല്‍ മീഡിയ കാമ്പയിനുമായി വിദ്യാര്‍ഥികള്‍
Also Read

‘ബോയ്ക്കോട്ട് പെപ്സിക്കോ’; സോഷ്യല്‍ മീഡിയ കാമ്പയിനുമായി വിദ്യാര്‍ഥികള്‍