LiveTV

Live

Kerala

ലീഗ് പ്രവര്‍ത്തകനല്ല, സി.പി.എം അനുഭാവിയെന്ന് കള്ളവോട്ടില്‍ ആരോപണവിധേയനായ ഫായിസ്; നിഷേധിച്ച് സി.പി.എം

ഓപ്പണ്‍ വോട്ടിനെക്കുറിച്ച് അന്വേഷിക്കാനാണ് താന്‍ ക്യൂവില്‍ നിന്നതെന്നും പക്ഷെ പിന്നീട് ഓപ്പണ്‍ വോട്ട് ചെയ്തില്ലെന്നും ഫായിസ് മീഡിയവണിനോട് പറ‍ഞ്ഞു

ലീഗ് പ്രവര്‍ത്തകനല്ല, സി.പി.എം അനുഭാവിയെന്ന് കള്ളവോട്ടില്‍ ആരോപണവിധേയനായ ഫായിസ്; നിഷേധിച്ച് സി.പി.എം

ലീഗ് പ്രവര്‍ത്തകനല്ല, സി.പി.എം അനുഭാവിയാണ് താനെന്നും കല്ല്യാശേരിയിലെ എഴുപതാം നമ്പര്‍ ബൂത്തില്‍ ക്യൂ നിന്നത് ഓപ്പണ്‍ വോട്ട് ചെയ്യാനാണെന്നും കള്ളവോട്ടില്‍ ആരോപണ വിധേയനായ മുഹമ്മദ് ഫായിസ്. ഓപ്പണ്‍ വോട്ടിനെക്കുറിച്ച് അന്വേഷിക്കാനാണ് താന്‍ ക്യൂവില്‍ നിന്നത്. പക്ഷെ പിന്നീട് ഓപ്പണ്‍ വോട്ട് ചെയ്തില്ലെന്നും ഫായിസ് മീഡിയവണിനോട് പറ‍ഞ്ഞു.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പുതിയങ്ങാടി 69, 70 നമ്പര്‍ ബൂത്തുകളില്‍ മുഹമ്മദ് ഫായിസ്, കെ.എം ആഷിക് എന്നിവര്‍ കളളവോട്ട് ചെയ്തെന്ന കലക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച് മുഹമ്മദ് ഫായിസ് രംഗത്തെത്തിയത്. 69ആം നമ്പര്‍ ബൂത്തിലാണ് തന്റെ വോട്ടെന്നും ബന്ധുവിന്റെ ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യത്തിനായാണ് 70ആം നമ്പര്‍ ബൂത്തില്‍ പ്രവേശിച്ചതെന്നുമാണ് ഫായിസിന്റെ വിശദീകരണം.

താന്‍ കളളവോട്ട് ചെയ്തെന്ന പ്രചാരണങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഹമ്മദ് ഫായിസ് പറഞ്ഞു. എന്നാല്‍ മുഹമ്മദ് ഫായിസ് സി.പി.എം അനുഭാവിയാണന്ന വിശദീകരണം പാര്‍ട്ടി നേതൃത്വം നിഷേധിച്ചു. എന്തായാലും കളളവോട്ടിനെ ചൊല്ലിയുളള ഇരുമുന്നണികളുടെയും വാദപ്രതിവാദങ്ങള്‍ വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമാകാനാണ് സാധ്യത.