LiveTV

Live

Kerala

യാക്കോബായ സഭയിൽ ആഭ്യന്തര കലഹം രൂക്ഷം; പുതിയ ഭാരവാഹികളെ കാതോലിക്ക ബാവ അംഗീകരിക്കുന്നില്ലെന്ന് ആരോപണം

സഭയെ പിന്നോട്ടടിക്കുന്ന നടപടികളുമായി യോജിച്ച് പോകാനാവില്ലെന്ന് മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ. അജണ്ട തീരുമാനിക്കുന്നത് ബാഹ്യശക്തികളുടെ ഇടപെടലിലൂടെയാണെന്നും സഭാ സമിതി അംഗങ്ങൾ ആരോപിച്ചു.

യാക്കോബായ സഭയിൽ ആഭ്യന്തര കലഹം രൂക്ഷം; പുതിയ  ഭാരവാഹികളെ കാതോലിക്ക ബാവ അംഗീകരിക്കുന്നില്ലെന്ന് ആരോപണം

യാക്കോബായ സഭയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ കാതോലിക്ക ബാവ അംഗീകരിക്കുന്നില്ലെന്ന ആരോപണമുന്നയിച്ച് മാനേജിങ് കമ്മറ്റി അംഗങ്ങൾ രംഗത്ത് വന്നു. സഭ അധ്യക്ഷനായ കാതോലിക ബാവയുടെ തീരുമാനങ്ങളിൽ ബാഹ്യശക്തികളുടെ ഇടപെടലിലുണ്ടാകുന്നുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് സഭ വൈദിക-അൽമായ ട്രസ്റ്റികൾ ഉന്നയിച്ചിരിക്കുന്നത്.

ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മാനേജിങ് കമ്മറ്റി അംഗങ്ങളോട് ആലോചിക്കാതെയാണ് സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ മാനേജിങ് കമ്മറ്റി യോഗങ്ങളുടെ പോലും അജണ്ട നിശ്ചയിക്കുന്നതെന്നാണ് ആരോപണം. വൈദിക ട്രസ്റ്റിയും അൽമായ ട്രസ്റ്റിയുമടക്കമുള്ളവരാണ് ഇത്തരം ഇടപെടലിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും കാതോലിക്ക ബാവയുടെ ഈ തീരുമാനങ്ങൾക്ക് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നും ഇവർ ആരോപിക്കുന്നു.

സഭയുടെ വിദ്യാഭ്യാസ ട്രസ്റ്റിന് കീഴിൽ ഗുണ്ടകളുടെയടക്കം സഹായത്തോടെ അനധികൃത ഭരണം തുടരുകയാണെന്നും ഇവർ യോഗം ചേരുന്നതും മുന്നോട്ടു പോകുന്നതും കാതോലിക്ക ബാവയുടെ അറിവോടും ആശിർവാദത്തോടെയുമാണെന്ന ഗുരുതരമായ ആരോപണവും വൈദിക ട്രസ്റ്റിയും അൽമായ ട്രസ്റ്റിയും ബാവക്കയച്ച കത്തിൽ ഉന്നയിക്കുന്നു. മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കെതിരെ ഇവർ കുൽസിത പ്രവർത്തനങ്ങൾക്ക് ശ്രമിക്കുകയാണ്.

സഭയെ പിന്നോട്ടടിക്കുന്ന നടപടികളുമായി യോജിച്ച് പോകാനാവില്ലെന്നും ഇവർ അയച്ച കത്തിൽ വ്യക്തമാക്കുന്നു. മാനേജിങ് കമ്മറ്റി അംഗങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിനെതിരെ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. അതേ സമയം വൈദിക ട്രസ്റ്റിയും അൽമായ ട്രസ്റ്റിയും ഉന്നയിച്ച ആരോപണങ്ങൾ സത്യവിരുദ്ധവും വ്യക്തിഹത്യ നടത്തുന്നതുമാണെന്നാണ് സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ വിശദീകരണം.