LiveTV

Live

Kerala

തൊവരിമലയില്‍ സംഭവിക്കുന്നത്

ഏപ്രില്‍ 21 വൈകിട്ടാണ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഉള്ള തൊവരിമലയില്‍ സമരം ആരംഭിച്ചത്.

തൊവരിമലയില്‍ സംഭവിക്കുന്നത്

രാഷ്ട്രീയ ചരിത്രത്തില്‍ ഇടം പിടിച്ച സമര ഭൂമിയാണ് വയനാട്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ രാജ്യ ശ്രദ്ധയാകര്‍ഷിച്ച വയനാട് വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുളള ഒരു പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ഭൂസമരമാണ് വയനാട്ടിലെ തൊവരിമല ആദിവാസികളുടേത്. ഏപ്രില്‍ 21 വൈകിട്ടാണ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഉള്ള തൊവരിമലയില്‍ സമരം ആരംഭിച്ചത്.

ഭൂമിയില്‍ അധ്വാനിക്കുന്ന കര്‍ഷകര്‍ക്ക് ഭൂമിയിന്മേല്‍ യാതൊരു അനകാശവുമില്ലാത്ത സ്ഥിതിയായിരുന്നു ജന്മിത്വത്തിന്‍റെ ഭാഗമായി നിലനിന്നിരുന്നത്. പരോക്ഷമായ അതേ ജന്മിത്വത്തമാണ് തൊവരിമലയിലെ ജനങ്ങള്‍ സര്‍ക്കാരില്‍ നിന്നും വന്‍കിട സ്വകാര്യ കമ്പനികളില്‍ നിന്നും നേരിട്ട് കൊണ്ടിരിക്കുന്നത്.

തൊവരിമലയിലെ സമരഭൂമി വനം വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള നിഷിപ്ത വനഭൂമിയെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ ഈ ഭൂമി സംരക്ഷിക്കാന്‍ വനം വകുപ്പിനെ ഏല്‍പ്പിച്ചു. അധികൃതര്‍ പറയുന്ന ഈ വനഭൂമിയില്‍ ഹാരിസണ്‍ പ്ലാന്‍റേഷന്‍ തൊഴിലാളികള്‍ അവരുടെ കെട്ടിടങ്ങള്‍ പരിപാലിക്കുകയാണ്. തൊവരിമല സര്‍ക്കാര്‍ മിച്ചഭൂമി ഈ കമ്പനി കൈവശം വെച്ച് അനുഭവിക്കുകയാണ്. ഈ ഭൂമി ഭൂരഹിതര്‍ക്ക് ലഭിക്കുന്നതിനു വേണ്ടിയാണ് സമരം ആരംഭിച്ചത്.

തൊവരിമലയില്‍ സംഭവിക്കുന്നത്

എസ്റ്റേറ്റ് ഭൂമി തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹാരിസണ്‍ പ്ലാന്‍റേഷന്‍ നല്‍കിയ കേസില്‍ സര്‍ക്കാര്‍ ഇതുവരെ ഹാജരായിട്ടില്ല. കമ്പനിയുടെ കൈവശമുള്ള അനധികൃത ഭൂമി പിടിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ മൌനം പാലിക്കുകയാണ്. സമര സമിതി നേതാക്കളായ എം.പി കുഞ്ഞികണാരന്‍, കെ.ജി മനോഹരന്‍, രാജേഷ് അപ്പാട് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. സമര നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടാകാതെ കൈയ്യേറ്റ ഭൂമി വിട്ടിറങ്ങില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. ഇതോടെയാണ് സര്‍ക്കാരിന്‍റെ ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്.

തൊവരിമല ഭൂസമരത്തില്‍ ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍റെ പങ്ക്

കേരളം ആസ്ഥാനമായുള്ള ഒരു കാര്‍ഷിക വ്യവസായ കമ്പനിയാണ് ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ ലിമിറ്റഡ്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കമ്പനിക്ക് ഫാക്ടറികളും തോട്ടങ്ങളും ഉണ്ട്. ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ എന്ന ബ്രിട്ടീഷ് കമ്പനിയുടെ സ്വത്തുക്കള്‍ സ്വാതന്ത്യം ലഭിച്ചപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ലയിപ്പിക്കേണ്ടതിനു പകരം അവര്‍ക്ക് നിയമ സഹായം നല്‍കി സംരക്ഷിച്ചു പോരുകയാണ് ചെയ്തത്. മിച്ച ഭൂമികള്‍ കണ്ടത്താനും അത് പിടിച്ചെടുക്കാനുമുള്ള യാതൊരു നയ പരിപാടികളും സര്‍ക്കാര്‍ ഏറ്റെടുത്തില്ല.

തൊവരിമലയില്‍ സംഭവിക്കുന്നത്

എന്തിനാണ് സമരം

വന്‍കിട തോട്ടം കുത്തകകള്‍ നിയമവിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും കൈയ്ക്കിയ വെച്ചിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മ്മാണം നടത്തുക, ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും കൃഷി ഭൂമി വിതരണം ചെയ്യുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് സമരം ആരംഭിച്ചത്. സി.പി.ഐ.എം.എല്‍ (റെഡ് സ്റ്റാര്‍) അഖിലേന്ത്യാ ക്രാന്തികാരിക കിസാന്‍ സഭ, ആദിവാസി ഭാരത് മഹാ സഭ എന്നീ സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കിയത്. 1970 ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ഹാരിസണ്‍ മലയാളം പ്ലാന്‍റേഷനില്‍ നിന്നും തിരിച്ച് പിടിച്ച 100 ല്‍ പരം ഹെക്ടര്‍ വരുന്ന മിച്ച ഭൂമി ഭൂരഹിതര്‍ക്ക് ഇതുവരെ പതിച്ചു നല്‍കിയിട്ടില്ല. ഇപ്പോഴും ആ മിച്ച ഭൂമിയില്‍ ഹാരിസണ്‍ കമ്പനിയുടെ മേല്‍ക്കോയ്മ നിലനില്‍ക്കുന്നു. മാറി മാറിവരുന്ന ഒരു സര്‍ക്കാരും നിയമനിര്‍മ്മാണം നടത്തികൊണ്ട് 1947 ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം കേരള സര്‍ക്കാരില്‍ നിഷിപ്തമായിരിക്കേണ്ട ഈ ഭൂമി തിരിച്ച് പിടിക്കാന്‍ തയ്യാറാകുന്നില്ല.

ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ എന്താണ് തൊവരിമലയെന്ന്.....

തല ചായിക്കുന്നതിനുള്ള കിടപ്പാടത്തിനും അന്നം കണ്ടെത്തുന്നതിനുള്ള കൃഷി ഭൂമിക്കും വേണ്ടി ഭൂരഹിതരായ 100 കണക്കിന് കുടുംബങ്ങളാണ് തൊവരിമലയില്‍ സമരമാരംഭിച്ചത്. അച്യുത മേനോന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയ ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും തിരിച്ചുപിടിച്ച 100 ഹെക്ടര്‍ വരുന്ന മിച്ച ഭൂമിയിലാണ് ഭൂസമരം ആരംഭിച്ചത്.

ബ്രിട്ടീഷുകാരാണ് തദ്ദേശിയരായ ആദിവാസി ജനസമൂഹങ്ങളെ തുരത്തി വിദേശ തോട്ടം കമ്പനികള്‍ സ്ഥാപിച്ചത്. തൊവരി മല എസ്റ്റേറ്റിന്‍റെ ഭാഗമായി ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ ലിമിറ്റഡ് കമ്പനിയെ വിറകു തോട്ടമായി മാറ്റി നിര്‍ത്തിയതായിരുന്നു. 1970 ലെ അച്യുതമേനോന്‍ സര്‍ക്കാര്‍ വയനാട് ജില്ലയില്‍ മാത്രമായി 5000 ഏക്കറോളം ഭൂമിയും തൊവരിമലയിലെ ഭൂമി ഉള്‍പ്പടെ മിച്ച ഭൂമിയായി പ്രഖ്യാപിച്ച് കൊണ്ട് ഏറ്റെടുത്തു. ഇതു പോലെ ബത്തേരി, ബൈത്തിരി താലൂക്കുകളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 1000 കണക്കിന് ഏക്കര്‍ വരുന്ന മിച്ച ഭൂമിയില്‍ ഒരു സെന്‍റ് ഭൂമി പോലും മാറി മാറി വരുന്ന ഒരു സര്‍ക്കാരും ഇന്നവരേ വിതരണം ചെയ്യാന്‍ തയ്യാറായിട്ടില്ല.

തൊവരിമലയില്‍ സംഭവിക്കുന്നത്

വയനാട്ടിലെ ആദിവാസികളും ദലിത് ജനവിഭാഗങ്ങളും ദുരിതമനുഭവിക്കുമ്പോഴും സര്‍ക്കാര്‍ അവരുടെ അവസ്ഥകള്‍ കാണാത്ത രീതിയില്‍ നടിക്കുകയാണ് ചെയ്യുന്നത്. മണ്ണിന്‍റെ മക്കളായ ദലിത് ആദിവാസി ജനവിഭാഗങ്ങള്‍, കര്‍ഷിക തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി ഒരു കൂട്ടം ജനവിഭാഗങ്ങള്‍ നരകതുല്ല്യമായ ജീവിതം അനുഭവിക്കുകയാണ്. അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനോ വാദിക്കാനോ ഒരു ജനപ്രിയ നായകനുമില്ല. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അനീതിയും വിവേചനവുമാണ് അവര്‍ നേരിടുന്നത്. പ്രകൃതി-വനം-മണ്ണ്- തണ്ണീര്‍ തടങ്ങള്‍- കടല്‍ തുടങ്ങിയ മേഖലകളെ ആശ്രയിച്ച് ജീവിക്കുന്ന ഭൂരിപക്ഷം ജന വിഭാഗങ്ങളും ഇന്ന് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട പുറമ്പോക്കുകളായി മാറിയിരിക്കുകയാണ്.