LiveTV

Live

Kerala

ഫോനി ചുഴലിക്കാറ്റ്; കേരളത്തിൽ ആശങ്ക അകലുന്നു

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ നിർദേശം പിൻവലിച്ചു.

ഫോനി ചുഴലിക്കാറ്റ്; കേരളത്തിൽ ആശങ്ക അകലുന്നു

ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തിൽ നിന്ന് അകലുന്നു. ചുഴലിക്കാറ്റ് നാളെയോടെ ഒഡീഷ തീരത്തെത്തും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ നിർദേശം പിൻവലിച്ചു.

ഫോനി ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് ഏറെ അകന്നു പോയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ജാഗ്രത നിർദേശം പിൻവലിച്ചത്. എറണാകുളം, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലുണ്ടായിരുന്ന യെല്ലോ അലേർട്ട് ഇന്ന് ഉച്ചയോടെ ദുരന്ത നിവാരണ അതോറ്റി പിൻവലിച്ചു. എന്നാൽ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുളള ജാഗ്രതാ നിർദേശം തുടരും. അടുത്ത 24 മണിക്കൂർ നേരത്തേക്ക് കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരവും ഒഴിവാക്കണണെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ശ്രീലങ്കയിലെ ട്രിങ്കോമലിയില്‍ നിന്ന് കിഴക്ക് വടക്ക് ദിശയിൽ 670 കിലോമീറ്റര്‍ മാറിയാണ് ഫോനി ചുഴലിക്കാറ്റിൻറെ സ്ഥാനം. അടുത്ത 24 മണിക്കൂറില്‍ ഇത് അതി തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന 'ഫോനി' ബുധനാഴ്ചയോടെ വടക്ക് കിഴക്ക് ദിശയിൽ മാറി സഞ്ചരിച്ച് ഒഡീഷ തീരത്തേക്ക് നീങ്ങും. വ്യാഴാഴ്ചയായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും തീവ്രമാകുന്നത്. ഈ സമയത്ത് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതിയിൽ വരെ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിതീവ്ര ചുഴലിക്കാറ്റായി മാറുമെങ്കിലും ഫോനി കരയിലേക്ക് കടക്കുമോ എന്ന് ഈ ഘട്ടത്തിൽ പ്രവചിച്ചിട്ടില്ല.