LiveTV

Live

Kerala

വ്യാജരേഖാ കേസ്: ഫാദർ പോള്‍ തേലക്കാടിനെതിരെ മുൻ വൈദിക സമിതി അംഗം

കർദിനാളിനെതിരെ വ്യാജരേഖയുണ്ടാക്കിയതിൽ പോള്‍ തേലക്കാടിന് മുഖ്യപങ്കുണ്ടെന്നാണ് ആരോപണം.

വ്യാജരേഖാ കേസ്: ഫാദർ പോള്‍ തേലക്കാടിനെതിരെ മുൻ വൈദിക സമിതി അംഗം

സിറോ മലബാർ സഭയിലെ വ്യാജരേഖാ കേസില്‍ ഫാദർ പോള്‍ തേലക്കാടിനെതിരെ മുൻ വൈദിക സമിതി അംഗം രംഗത്ത്. കർദിനാളിനെതിരെ വ്യാജരേഖയുണ്ടാക്കിയതിൽ പോള്‍ തേലക്കാടിന് മുഖ്യപങ്കുണ്ടെന്നാണ് ആരോപണം. സഭയിലെ പതിന‌ഞ്ചോളം വൈദികരും ഇതിന് കൂട്ട് നിന്നു. മുൻ വൈദിക സമിതി അംഗം ഫാദർ ആന്‍റണി പൂതവേലിന്‍റെതാണ് വെളിപ്പെടുത്തൽ.

2019 ജനുവരി 7 മുതല്‍ സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡിലാണ് കേസിനാസ്പദമായ രേഖകള്‍ മുന്‍ സഭാ വക്താവ് കൂടിയായ ഫാദര്‍ പോള്‍ തേലക്കാട്ട് ഹാജരാക്കിയത്. എറണാകുളത്തെ ചില ബിസിനസുകാരുമായി മാര്‍ ആലഞ്ചേരിക്ക് ഇടപാടുകള്‍ ഉണ്ടെന്നും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക കൈമാറ്റം ഇതിലൂടെ നടന്നിട്ടുണ്ടെന്നും ആരോപിക്കുന്നതായിരുന്നു ഈ ബാങ്ക് രേഖകള്‍. പൊലീസ് അന്വേഷണത്തില്‍ വ്യാജമാണെന്ന് തെളിഞ്ഞ ഈ രേഖകള്‍ പോള്‍ തേലക്കാട് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് മുന്‍വൈദിക സമിതി അംഗം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വ്യാജ രേഖ സംഘടിപ്പിക്കാൻ 10 ലക്ഷം രൂപ വിമത വൈദികർ ചെലവഴിച്ചു. കർദിനാൾ വിരുദ്ധപക്ഷത്തെ വൈദികൻ ഇക്കാര്യം വെളിപ്പെടുത്തിയതായും ഫാദർ ആന്‍റണി പൂതവേലിൽ പറഞ്ഞു. വ്യാജ രേഖ കേസ് അട്ടിമറിക്കാൻ ഒരുകൂട്ടം വൈദികർ ശ്രമിക്കുന്നുവെന്നും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നുമാണ് ആവശ്യം.