LiveTV

Live

Kerala

ഫ്രാങ്കോ മുളക്കലിന്‍റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം തട്ടിയ കേസ്: രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

പഞ്ചാബ് പൊലീസിലെ എ.എസ്.ഐമാരാണ് കൊച്ചിയില്‍ അറസ്റ്റിലായത്

ഫ്രാങ്കോ മുളക്കലിന്‍റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം തട്ടിയ കേസ്: രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം തട്ടിയ കേസില്‍, രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍. പഞ്ചാബ് പൊലീസിലെ എ.എസ്.ഐമാരാണ് കൊച്ചിയില്‍ അറസ്റ്റിലായത്. പണം വിദേശത്തേക്ക് അയച്ചുവെന്നാണ് ഇവരുടെ മൊഴി.

രേഖകളില്ലാത്ത പണം കണ്ടെത്തിയതിനെ തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിശ്വസ്തനായിരുന്ന ഫാ.ആന്‍റണി മാടശേരിയുടെ ഓഫിസ് റെയ്ഡ് ചെയ്ത് പണം പിടിച്ചെടുത്തിരുന്നു. കണക്കിൽപ്പെടാത്ത 9.66 കോടി രൂപയാണ് പോലീസ് പിടിച്ചെടുത്ത് ആദായനികുതി വകുപ്പിന് കൈമാറിയത്. എന്നാല്‍ 15 കോടിയാണ് ഉണ്ടായിരുന്നതെന്നും ബാക്കി പണം പൊലീസ് തട്ടിയെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി. തുടര്‍ന്ന് പഞ്ചാബ് ഡി.ജി.പിയാണ് എ.എസ്.ഐമാരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ജോജിന്ദര്‍ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്‌

ഇവരെ നാളെ പഞ്ചാബ് പൊലീസിന് കൈമാറും. പണം വിദേശത്തേക്ക് അയച്ചുവെന്നാണ് ഇവര്‍ പോലിസിന് മൊഴി നല്‍കിയത്. ഇവര്‍ അറസ്റ്റിലായത് സംബന്ധിച്ച വിവരം പഞ്ചാബ് ഡി.ജി.പി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ പോലിസുകാര്‍ കൊച്ചിയിലേക്ക് കടക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 4.30നാണ് ഇവരെ കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് പിടികൂടുന്നത്.